കണ്ണൂര്‍: കഴിഞ്ഞദിവസം സിപിഎം നടത്തിയ ചട്ടമ്പിസ്വാമി ദിനാചരണ പരിപാടിയില്‍ ക്ഷേത്രാചാരമായ തിടമ്പ് നൃത്തത്തെ വികലമാക്കി അവതരിപ്പിച്ചതിനെതിരെ ഹിന്ദുഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി മോഹന കൃഷ്ണന്‍ പരാതി നല്‍കി. ചട്ടമ്പിസ്വാമി ദിനാചരണത്തില്‍ ബക്കളം ലോക്കല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ തൃച്ഛംബരം ശ്രീകൃഷ്‌ണോത്സവ ആചാരമായ തിടമ്പു നൃത്തത്തെ അനുകരിച്ച് ഉത്സവത്തിന് തിടമ്പേറ്റുന്നവരുടെ വസ്ത്രധാരണം നടത്തി ക്ഷേത്രത്തിലെ ശ്രീകൃഷ്ണ- ബലരാമന്മാരുടെ തിടമ്പുകള്‍ എന്നു തോന്നിപ്പിക്കുന്ന തിടമ്പ് തലയിലേറ്റുകയും ആചാരത്തിന്റെ ഭാഗമായി മഞ്ഞവടി അകമ്പടിക്കാരെ അനുകരിച്ചുകൊണ്ട് വടികള്‍ ഏന്തിയ ആളുകളെ അണിനിരത്തിയും വാദ്യഘോഷത്തോടെയും പരിപാടി അവതരിപ്പിച്ചതായി പരാതിയില്‍ പറയുന്നു.
ഉത്തരമലബാറിലെ പ്രശസ്തവും അതിപുരാതനവും ആചാരാനുഷ്ഠാനങ്ങളില്‍ നിഷ്ഠപാലിക്കുന്നതുമായ തൃച്ഛംബരം ക്ഷേത്രത്തിലെ ഉത്സവം ജില്ലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലെയും ഹൈന്ദവ ജനത ഭക്ത്യാദരപൂര്‍വ്വം കാണുന്ന ഒന്നാണെന്നും ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ തന്നെ ക്ഷേത്രാചാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ പരിപാടി അവതരിപ്പിച്ചത് മനഃപൂര്‍വ്വവും വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തി സംഘര്‍ഷം സൃഷ്ടിക്കാനുള്ള ദുഷ്ടലാക്കാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടി.
തൃച്ഛംബരം ക്ഷ്രേത വിശ്വാസികളായ നിരവധി പേര്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കുണ്ടായ വേദന പങ്കുവെച്ചതായും വിശ്വാസികളെ അവഹേളിച്ച് പരിപാടി നടത്തിയ സംഘാടകര്‍ക്കെതിരെയും അതില്‍ ഭാഗഭാക്കായവര്‍ക്കെതിരെയും ശക്തമായ നടപടിയെടുക്കണമെന്നും പരാതിയില്‍ പറഞ്ഞു.
















