കണ്ണൂര്‍: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാ അന്ധതാ നിയന്ത്രണ സമിതി, പഴയങ്ങാടി താലൂക്ക് ആശുപത്രി, കുന്നരു കാരന്താട് മലയാളം വായനശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന 31 ാമത് ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം സി.കൃഷ്ണന്‍ എംഎല്‍എ നിര്‍വ്വഹിച്ചു. കുന്നരു കാരന്താട് മലയാളം വായനശാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ രാമന്തളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് എ.വത്സല അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.നാരായണ നായിക്ക് മുഖ്യപ്രഭാഷണം നടത്തി.
ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.കെ.വി. ലതീഷ് നേത്രദാന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും നേത്രദാന സമ്മതപത്രം സ്വീകരിക്കുകയും ചെയ്തു. വാര്‍ഡ് മെമ്പര്‍ ടി.ജനാര്‍ദ്ദനന്‍, മലയാളം വായനശാല പ്രസിഡണ്ട് വി.പ്രമോദ്, മൊബൈല്‍ ഓഫ്താല്‍മിക് യൂണിറ്റ് ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ.രാജേഷ്. ഒ.ടി, ഓഫ്താല്‍മിക് ക്യാമ്പ് കോര്‍ഡിനേറ്റര്‍ എം.വിജയന്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലയിലെ മികച്ച ഒപ്‌ടോമെട്രിസ്റ്റിനുള്ള അവാര്‍ഡ് ഏഴോം ബ്ലോക്ക് പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ എസ്. ശ്രീകല കുമാരിക്ക് സി.കൃഷ്ണന്‍ എംഎല്‍എ സമ്മാനിച്ചു. ബോധവല്‍ക്കരണ സെമിനാറില്‍ ജില്ലാ ആശുപത്രി നേത്രരോഗ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ.ഡോളി ഫ്രാന്‍സിസ് നേത്രദാനം മഹാദാനം’ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. സംഘാടക സമിതി കണ്‍വീനര്‍ സുനില്‍ കുന്നരു സ്വാഗതവും ഡെപ്യൂട്ടി ഡിഎംഒ ഡോ.കെ.ടി.രേഖ നന്ദിയും പറഞ്ഞു. സപ്തംബര്‍ 8 വരെ നടക്കുന്ന പക്ഷാചരണത്തോടനുബന്ധിച്ച് നേത്രദാനത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളിലും പൊതുജനങ്ങളിലും എത്തിക്കുന്നതിനായി ജില്ലാ അന്ധതാ നിയന്ത്രണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
















