ന്യൂദല്‍ഹി: ‘അതിര്‍ത്തി കാക്കുന്ന സഹോദരങ്ങള്‍ക്കൊപ്പം സാഹോദര്യത്തിന്റെ സന്ദേശമുയര്‍ത്തുന്ന രക്ഷാബന്ധന്‍ ആഘോഷിക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു’. ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ സൈനികര്‍ക്ക് രാഖി ബന്ധിച്ച് കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചു.
ഒരു വനിതാ മന്ത്രി സിയാച്ചിനിലെത്തുന്നതും ആദ്യം. വീരമൃത്യുവരിച്ച സൈനികര്‍ക്ക് യുദ്ധസ്മാരകത്തില്‍ ആദരാജ്ഞലിയര്‍പ്പിച്ച സ്മൃതി ഏറെനേരം സൈനികര്‍ക്കൊപ്പം ചെലവഴിച്ചു. വനിതാ മന്ത്രിമാര്‍ അതിര്‍ത്തിയിലെ സൈനികര്‍ക്കൊപ്പം രക്ഷാബന്ധന്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സ്മൃതി സിയാച്ചിനിലെത്തിയത്.
ഭക്ഷ്യസംസ്‌കരണ മന്ത്രി ഹര്‍സിമ്രത് കൗര്‍ അമൃത്സര്‍ അട്ടാരിയിലെ ബിഎസ്എഫ് ജവാന്മാര്‍ക്ക് രാഖി ബന്ധിച്ചു. ഭാരത- പാക് അതിര്‍ത്തിയിലാണ് പരിപാടി നടന്നത്. വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഭാരത- ചൈന അതിര്‍ത്തിയായ തവാങ്ങിലെ സൈനികരോടൊപ്പം രക്ഷാബന്ധന്‍ ആഘോഷിച്ചു.
വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി ഭാരത- നേപ്പാള്‍ അതിര്‍ത്തിയിലെ സൈനികര്‍ക്കും ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ജയ്‌സാല്‍മറിലെ സൈനികര്‍ക്കും രാഖി ബന്ധിച്ചു. മന്ത്രിമാരായ ഉമാഭാരതി, സാധ്വി നിരഞ്ജന്‍ ജ്യോതി എന്നിവരും വിവിധ അതിര്‍ത്തികളിലെ പരിപാടികളില്‍ പങ്കെടുത്തു.
















