ഇന്ദ്രേഷ് കുമാര്‍
ന്യൂദല്‍ഹി: വിഭജനകാലത്ത് ഭാരതത്തില്‍ നിന്നും പാക്കിസ്ഥാനിലേക്ക് പോയവരെ മൂന്നാംകിട പൗരന്മാരായാണ് പാക് സര്‍ക്കാരും ജനങ്ങളും കണക്കാക്കുന്നതെന്ന് മുസ്ലിം ജാഗരണ്‍ മഞ്ച് രക്ഷാധികാരി ഇന്ദ്രേഷ് കുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിലെ ബലൂചിസ്ഥാന്‍ പരാമര്‍ശനത്തെ പിന്തുണച്ച ഇന്ദ്രേഷ്‌കുമാര്‍ ബലൂച്, ജില്‍ജിത്- ബാള്‍ട്ടിസ്ഥാന്‍ വിഷയങ്ങള്‍ ഉന്നയിച്ചത് ശരിയായ നടപടിയാണെന്നും പറഞ്ഞു. രക്ഷാബന്ധന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാക് അധീന പ്രവിശ്യകളിലെ ജനങ്ങളെയും മുഹാജിറുകളെന്ന് വിളിക്കുന്ന ഭാരതത്തില്‍ നിന്നുള്ള കുടിയേറ്റക്കാരെയും പാക് സര്‍ക്കാര്‍ മോശമായാണ് കണക്കാക്കുന്നത്. കൂട്ടക്കൊലകളാണ് പ്രവിശ്യകളില്‍ നടമാടുന്നത്. സംഘര്‍ഷ മുഖരിതമാണ് പാക്കിസ്ഥാന്‍. സ്വന്തം പൗരന്മാരെ തന്നെ കൊല്ലുകയാണവിടെ. കശ്മീര്‍ കത്തിക്കാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ആദ്യം സ്വന്തം വീട്ടിലെ തീ അണയ്‌ക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
സ്വന്തം വീട്ടിലെ തീ നിങ്ങളെ തന്നെ കൊല്ലുമെന്ന് തിരിച്ചറിയണം. നല്ല അയല്‍ക്കാരായും നല്ല രാജ്യമായും തുടരുകയാണ് പാക്കിസ്ഥാന് നല്ലതെന്നും ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ കശ്മീരിനെപ്പറ്റി ചിന്തിക്കുമ്പോള്‍ ഭാരതത്തിനും മറ്റു ലോക രാജ്യങ്ങള്‍ക്കും ബലൂചിസ്ഥാന്‍, പക്തൂണിസ്ഥാന്‍, ജില്‍ജിത്-ബാള്‍ട്ടിസ്ഥാന്‍ എന്നിവയെപ്പറ്റി പറയാനും അവകാശമുണ്ട്.
കശ്മീരിലെ വിഘടനവാദികള്‍ക്ക് പണവും ആയുധങ്ങളും പാക് പതാകകളും നല്‍കി സംഘര്‍ഷമുണ്ടാക്കുമ്പോള്‍ കശ്മീരിയുടെ കയ്യില്‍ കശ്മീരികള്‍ കൊല്ലപ്പെടുന്ന അവസ്ഥയാണ്.
















