ന്യൂദല്‍ഹി: രക്ഷാബന്ധന്‍ ആഘോഷത്തിന് ബിജെപി വനിതാ മന്ത്രിമാരും വനിതാ എംപിമാരും ഇന്ന് രാജ്യാതിര്‍ത്തികളിലെത്തും. സാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്ന് ഇവര്‍ സൈനികര്‍ക്ക് രാഖി ബന്ധിക്കും. പ്രതികൂല സാഹചര്യത്തിലും രാജ്യം കാക്കുന്ന സൈനികര്‍ക്ക് പിന്തുണയര്‍പ്പിക്കാനും ആത്മവിശ്വാസം പകരാനും ലക്ഷ്യമിട്ടാണ് വ്യത്യസ്തമായ രക്ഷാബന്ധന്‍ ആഘോഷത്തിന് ബിജെപി തീരുമാനിച്ചത്.
കേന്ദ്ര വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ ഭാരത-ചൈന അതിര്‍ത്തിയായ തവാങ്ങിലെ സൈനികര്‍ക്ക് രാഖി ബന്ധിക്കും. അരുണാചല്‍ പ്രദേശിലെ അതിര്‍ത്തി നഗരത്തില്‍ നടക്കുന്ന രക്ഷാബന്ധന്‍ പരിപാടിയിലും നിര്‍മല സീതാരാമന്‍ പങ്കെടുക്കും. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ ബേസ് ക്യാമ്പില്‍ നടക്കുന്ന പരിപാടിയിലാണ് ടെക്‌സ്റ്റൈല്‍ വകുപ്പ് മന്ത്രി സ്മൃതി ഇറാനി പങ്കെടുക്കുക.
സിയാച്ചിന്‍ സന്ദര്‍ശിക്കുന്ന ആദ്യ വനിതാ മന്ത്രിയാണ് സ്മൃതി. അനുപ്രിയ പട്ടേല്‍ രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൈനികര്‍ക്ക് രാഖി ബന്ധിക്കും. മന്ത്രിമാരായ സുഷമ സ്വരാജ്, മനേക ഗാന്ധി, ഉമാഭാരതി, സാധ്വി നിരഞ്ജന്‍ ജ്യോതി എന്നിവരും വിവിധ അതിര്‍ത്തികളിലെ പരിപാടികളില്‍ സംബന്ധിക്കും.
ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ രാജ്യസേവനം നടത്തുന്ന സൈനികര്‍ക്ക് ഇത് ആത്മവിശ്വാസമേകുമെന്ന്് മനേക പറഞ്ഞു. സൈനികരെ അണിയിക്കുന്ന, വനിതാ ശിശുക്ഷേമ വകുപ്പിന്റെ ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ലോഗോ ആലേഖനം ചെയത രാഖി മനേക ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. സ്വാതന്ത്ര്യദിനാഘോഷത്തിന് സ്വാതന്ത്ര്യസമര സേനാനികളുടെ സ്മാരകങ്ങള്‍ സന്ദര്‍ശിക്കാന്‍ ബിജെപി നേരത്തെ ജനപ്രതിനിധികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.
















