മുംബൈ: പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം സഹോദരീ പുത്രന്റെ വിവാഹം സ്‌കൈപ്പിലൂടെ കാണാനൊരുങ്ങുന്നതായി റിപ്പോർട്ട്. ഒരു ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ചുള്ള റിപ്പോർട്ട് പുറത്തുവിട്ടത്. വിവാഹം നടക്കുന്ന മുംബൈയിലെ വേദിയിൽ ഇതിനുള്ള സൗകര്യങ്ങൾ ഒരുക്കിയതായും റിപ്പോർട്ടിൽ പറയുന്നു.
ദാവൂദിന്റെ സഹോദരി ഹസീന പർകറിന്റെ ഇളയ മകൻ അലിഷാഹിന്റെ വിവാഹമാണ് നടക്കുന്നത്. മുംബൈയിലെ റസൂൽ പള്ളിയിൽ വിവാഹവും ആഡംബര ഹോട്ടലിൽ വിരുന്നു സൽകാരവുമാണ് നടക്കുന്നത്. വിവാഹ ചടങ്ങുകളുടെ നേതൃത്വം മുംബൈയിലുള്ള സഹായിയെയാണ് ദാവൂദ് ഏൽപ്പിച്ചിരിക്കുന്നത്. ദാവൂദിന്റെ സഹോദരൻ ഇക്ബാൽ കസ്‌കർ, സഹോദരിമാരായ സെയ്റ്റൂൺ ഫർസാന തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുക്കും.
അതേസമയം, ദാവൂദിന്റെ ശത്രുക്കൾ വിവാഹം അലോങ്കോലപ്പെടുത്തുവാൻ ശ്രമിച്ചേക്കുമെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ വരുന്ന അതിഥികളെ സൂക്ഷ്മമായി നിരീക്ഷിക്കാൻ ക്രൈംബ്രാഞ്ച് നിർദേശം നൽകി.
















