ബെംഗളൂരു: ഓര്‍മ്മ തിരികെ പിടിക്കാന്‍ സാങ്കേതിക സഹായം കണ്ടെത്തിയ ബെംഗളൂരുവിലെ വിദ്യാര്‍ത്ഥി ഗൂഗിള്‍ ലോക ശാസ്ത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പന്ത്രണ്ടാം ക്ലാസുകാരന്‍ കെ. ശ്രീയംഗിന്റെ ഈ കണ്ടുപിടുത്തം അവനെ കുട്ടിശാസ്ത്രജ്ഞനാക്കുമെന്നാണ് പ്രതീക്ഷ.
ഓര്‍മ്മ മങ്ങിപ്പോകുന്നവര്‍ക്ക് ജീവിതം സുകരമാക്കാന്‍ ഈ കൊച്ചു ശാസ്ത്രജ്ഞന്‍ കണ്ടെത്തിയിരിക്കുന്ന ‘കീപ് ടാബ്’ സഹായകമാകും.
വെച്ചുമറന്ന സാധനങ്ങള്‍ കണ്ടെത്താന്‍ കീപ്പ് ടാബ് നിങ്ങളെ സഹായിക്കും. ബെംഗളൂരു ഇന്ദിരാനഗറിലെ ദല്‍ഹി പബ്ലിക് സ്‌കൂള്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കെ. ശ്രീയംഗ്. ടാബുമായി ശ്രീയംഗ് വൈകാതെ കാലിഫോര്‍ണിയക്ക് തിരിക്കും, അടുത്തമാസം 27 ന് നടക്കുന്ന ആറാമത് ഗൂഗിള്‍ ശാസ്ത്ര മേളയില്‍ പങ്കെടുക്കാന്‍. ഭാരതത്തില്‍ നിന്ന് പങ്കെടുക്കുന്ന രണ്ടുപേരില്‍ ഒരാള്‍. ആകെ 16 പേരാണ് മേളയില്‍ പങ്കെടുക്കുന്നത്.
മുത്തച്ഛന്റെ ഓര്‍മ്മശക്തി ഓരോതവണയും കുറഞ്ഞു വരുന്നത് ശ്രീയംഗ് ശ്രദ്ധിച്ചിരുന്നു. അതാണ് ഈ കണ്ടുപിടുത്തത്തിലെത്തിച്ചത്.
വളരെ ലളിതമാണ് കീപ്പ് ടാബിന്റെ ഉപയോഗം. വസ്ത്രങ്ങള്‍ക്കൊപ്പം ടാബും ധരിക്കുക. നമ്മള്‍ നടക്കുന്നിടത്തുള്ള വസ്തുക്കളുടെ ചിത്രങ്ങളെല്ലാം അതില്‍ പതിഞ്ഞിരിക്കും.അവയെല്ലാം സൂചകങ്ങളായി പ്രത്യേകം സൂക്ഷിച്ചിരിക്കും.അന്വേഷിച്ചു നടക്കുന്നവ കണ്ടെത്തുന്നതിനുള്ള സൂചകങ്ങള്‍. മൊബൈല്‍ ഫോണിനെ കീപ്പ് ടാബുമായി ബന്ധപ്പെടുത്തിയിരിക്കണം.
ഫോണില്‍ ലഭ്യമാകുന്ന ഗൂഗിളിന്റെ വോയ്‌സ് ഇന്റര്‍ ഫേസില്‍ ‘ലൊക്കേറ്റ് മൈ ഒബ്ജകട്’ എന്ന് ശബ്ദ സന്ദേശം നല്‍കുക.അന്വേഷിക്കുന്നതെന്തോ അത് ടാബിന്റെ സഹായത്താല്‍ നിഷ്പ്രയാസം കണ്ടെത്താം. മൈക്രോ കണ്‍ട്രോളര്‍, ക്യാമറ, ആക്‌സിലറോമീറ്റര്‍ എന്നിവയാണ് ടാബില്‍ ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍.
ബുദ്ധി ശക്തി കൃത്രിമമായി ഉണ്ടാക്കാവുന്നതുമായി ബന്ധപ്പെട്ട തൊഴിലായിരിക്കും ഭാവിയില്‍ ശ്രീയംഗ് സ്വീകരിക്കുക. വ്യവസായമായി വളര്‍ത്തിയെടുക്കാനും പദ്ധതിയുണ്ട്.
















