അലഹബാദ്: ആയുഷ്‌കാലമത്രയും സഹോദരന്‍ തന്റെ രക്ഷകനാകുമെന്ന വിശ്വാസം സഹോദരിക്ക് സാന്ത്വനമാകുന്നു. രക്ഷാബന്ധന്‍ പകരുന്ന സന്ദേശം ഇതാണ്. രാഖി കെട്ടാന്‍ ഇനി നാളുകള്‍ മാത്രം ബാക്കിയിരിക്കെ അലഹബാദ് ഗാംഭിര ഗ്രാമത്തില്‍ രണ്ടു സഹോദരന്മാര്‍ സഹോദരിയെ മഴു കൊണ്ട് കൊന്നു. വിവാഹിതയും മൂന്നു കുട്ടികളുടെ അമ്മയുമായ സുബിദി ദേവി(45)യാണ് കൊലക്കിരയായത്.
സുബിദിക്ക് പ്രദേശത്തെ ഒരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്നന്ന സംശയമാണ് കൊലയിലേക്ക് നയിച്ചത്. യുവാവിനൊപ്പം സുബിദി ഒളിച്ചോടിയെന്ന വാര്‍ത്ത പരന്നിരുന്നു. അതേത്തുടര്‍ന്ന് സഹോദരന്മാരായ സുരേഷും നരേന്ദ്രയും സുബിദിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവന്നു.
തുടര്‍ന്നുണ്ടായ കലഹം കൊലയില്‍ കലാശിച്ചു.
യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയെത്തുടര്‍ന്നാണ് പ്രശ്‌നത്തിന്റെ നിജസ്ഥിതിയറിയാന്‍ സഹോദരങ്ങളെത്തിയത്. സുരേഷും നരേന്ദ്രയും ഒളിവിലാണ്.
പോലീസ് മര്‍ദ്ദനമല്ല, പോലീസിന് മര്‍ദ്ദനം
മുംബൈ: പോലീസ് ഇടിക്കുന്നത് ഇപ്പോള്‍ വാര്‍ത്തയല്ലാതാതിരിക്കുന്നു. സംഗതി തിരിച്ചായാല്‍ പോലീസിനത് മാനക്കേടാകും. മുംബൈ കല്യാണില്‍ കഴിഞ്ഞ ദിവസം പോലീസുകാരനെ നാലഞ്ചു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചു. കാറിനുമേല്‍ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതിനായിരുന്നു പോലീസുകാന് മര്‍ദ്ദനം.
കല്യാണ്‍മലാങ് പ്രദേശത്തെ ബാറുകള്‍ സമയപരിധികഴിഞ്ഞും തുറന്നു കിടപ്പുണ്ടെങ്കില്‍ അടപ്പിക്കാനാണ് കോണ്‍സ്റ്റബിള്‍ സതീഷ് ദേശായ് റോന്തുചുറ്റാനിറങ്ങിയത്. ഒരു ബാര്‍ മാത്രം തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട ദേശായ് ബാറിനകത്തു കയറി ജോലിക്കാരോട് ബാറടയ്‌ക്കാന്‍ ആവശ്യപ്പെട്ടു. പുറത്തിറങ്ങിയപ്പോള്‍ കണ്ട കാഴ്ച ദേശായിയുടെ കാറിനു മേല്‍ ഒരാള്‍ മൂത്രമൊഴിക്കുന്നതായിരുന്നു.
ചോദ്യം ചെയ്തതിനു മറുപടി തലങ്ങും വിലങ്ങും തൊഴിയായിരുന്നു. പിന്നെയുമെത്തി നാലഞ്ചു പേര്‍ മര്‍ദ്ദിക്കാന്‍. കണ്ടു നിന്നവരാരും പോലീസിനെ സഹായിക്കാന്‍ എത്തിയതുമില്ല. പ്രതികളെ പിന്നീട് അറസ്റ്റ് ചെയ്തു.
















