ന്യൂദല്‍ഹി: 2016 ലെ സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യാഗേറ്റിലെ രാജ്പഥ് ലോണിലെ പ്രധാന വേദിയില്‍ ഭാരത് പര്‍വ്വ് മഹോത്സവത്തില്‍ കേരളത്തിന്റെ പരിപാടികള്‍ ശ്രദ്ധേയമായി. മോഹിനിയാട്ടം, തിരുവാതിര, കഥകളി, കളരിപ്പയറ്റ് എന്നിവ സംയോജിപ്പിച്ച് അവതരിപ്പിച്ച നൃത്തപരിപാടിയും, ദല്‍ഹി മലയാളി അസോസിയേഷന്‍ അവതരിപ്പിച്ച നൃത്തപരിപാടിയും തലസ്ഥാനത്തിന്റെ ഹൃദയം കവര്‍ന്നു. കേരളത്തിന്റെ കൈരളി, ഭാരതീയം എന്നീ നൃത്തപരിപാടികള്‍ പ്രേക്ഷകരുടെ പ്രത്യേക ശ്രദ്ധ നേടി.
പ്രമുഖ നര്‍ത്തകി ഡോ. ജയപ്രഭാ മേനോന്റെ സംവിധാനത്തിലായിരുന്നു മോഹിനിയാട്ടം. ന്യൂദല്‍ഹി അന്താരാഷ്‌ട്ര കഥകളി കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കഥകളി, കളരി സുമേഷിന്റെ നേതൃത്വത്തില്‍ കളരിപ്പയറ്റ്, ദല്‍ഹി എന്‍എസ്എസിന്റെ ആഭിമുഖ്യത്തിലുള്ള തിരുവാതിര എന്നിവ സംയോജിപ്പിച്ചുള്ളതായിരുന്നു ‘കൈരളി.’
വള്ളത്തോള്‍, ഉള്ളൂര്‍, പി.കുഞ്ഞിരാമന്‍ നായര്‍, ഒഎന്‍വി തുടങ്ങിയവരുടെ കവിതകള്‍ കോര്‍ത്തിണക്കിയ കേരളനടനം സംവിധാനം ചെയ്തത് ഡോ. നിഷാറാണിയാണ്.
കേരള ഹൗസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും, ദല്‍ഹി മലയാളികളും വീക്ഷിക്കാന്‍ എത്തിയിരുന്നു. ഇന്ന് വൈകിട്ട് 5.10 മുതല്‍ ന്യൂദല്‍ഹി അന്താരാഷ്‌ട്ര കഥകളി കേന്ദ്രത്തിന്റെ കഥകളി ഉണ്ട്.
















