കൈനകരി ഗബ്രിയേല്‍ ചുണ്ടനില്‍ യുബിടി ടീം പരിശീലനം നടത്തുന്നു
ആലപ്പുഴ: നെഹ്‌റുട്രോഫിയില്‍ ഏറ്റവും കൂടുതല്‍ തവണ മുത്തമിട്ടിട്ടുള്ള യുബിസി കൈനകരി ഗബ്രിയല്‍ ചുണ്ടനില്‍ പരിശീലനം തുടങ്ങി. 2014ല്‍ പുതിയതായി നിര്‍മ്മിച്ച ചമ്പക്കുളം ചുണ്ടനില്‍ പച്ചത്തടിയില്‍ തുഴഞ്ഞാണ് നെഹ്‌റുട്രോഫി യുബിസി അവസാനമായി നെഹ്‌റുട്രോഫി ജലോത്സവത്തില്‍ ജേതാക്കളായത്.
കൈനകരി പമ്പയാറ്റില്‍ രാവിലെയും വൈകിട്ടും യുബിസിയുടെ താരങ്ങള്‍ തുഴച്ചില്‍ പരിശീലനം തുടങ്ങി. രണ്ട് ഹാട്രിക് ഉള്‍പ്പെടെ 11 തവണ നെഹ്‌റുട്രോഫി നേടിയ യുബിസി കൈനകരിയുടെ പേരില്‍തന്നെയാണ് ഇപ്പോഴും റെക്കോര്‍ഡ്. ടീം ക്യാപ്റ്റന്‍ അച്ചന്‍കുഞ്ഞും ലീഡിങ് ക്യാപ്റ്റന്‍ വക്കച്ചന്‍ തേവര്‍കാടുമാണ്.
94 തുഴച്ചില്‍ക്കാരും ഒമ്പത് നിലക്കാരും അഞ്ച് അമരക്കാരും ഉള്‍പ്പെടെ 108 പേരാണ് ഗബ്രിയല്‍ ചുണ്ടനില്‍ കയറുന്നത്. ഒന്നാംതുഴ ലാലുവും ഒന്നാംപങ്കായം സൈജോപ്പന്‍ ഐസക്കുമാണ്. ക്ലബ്ബ് പ്രസിഡന്റ് ആന്റണി തോമസും സുനില്‍ പി. പത്മനാഭനുമാണ് യുബിസി കൈനകരിയുടെ അമരക്കാര്‍.
















