മുഹമ്മ: ചാക്ക് കച്ചവടക്കാരന്റെ വീട്ടില്‍ നിന്നും 11 ചാക്ക് റേഷനരി പൊലീസ് പിടികൂടി. രണ്ടുപേര്‍ പിടിയില്‍. അരി മൊത്തമായി വാങ്ങിയ മണ്ണഞ്ചേരി മൂന്നാം വാര്‍ഡില്‍ കുപ്പേഴം കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ ഹബീബ്(32),മംഗളാപുരം ചന്തയ്‌ക്ക് സമീപം റേഷന്‍കട നടത്തുന്ന പൂഞ്ഞിക്കാട് വീട്ടില്‍ ഗോപാലകൃഷ്ണന്‍(71) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് ഹബീബിന്റെ വീട്ടിലെത്തുമ്പോള്‍ അരി ചാക്കുകളിലും ചെറിയ പാക്കറ്റുകളിലും നിറച്ച് പെട്ടിവണ്ടിയില്‍ കയറ്റുകയായിരുന്നു. സിവില്‍ സപ്ലൈസ് റേഷന്‍കടകള്‍ വഴി വിതരണം ചെയ്യുന്ന കുത്തരിയാണ് ചാക്കുകളിലുണ്ടായിരുന്നത്. ഹബീബിനെ ചോദ്യം ചെയ്തപ്പോഴാണ് അരി നല്‍കിയ റേഷന്‍കട ഉടമയെ കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് ഇയാളെയും കസ്റ്റഡിയിലെടുത്തു.
അരി പാക്കറ്റുകളിലാക്കി കൂടിയ വിലയ്‌ക്കും പൊടിയാക്കിയും സിവില്‍ സപ്ലൈസിന്റെ സ്ലിപ്പുകള്‍ ഒട്ടിച്ചാണ് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. എ എസ് ഐ റിയാസ്,ഗ്രേഡ് എസ് ഐ ജോയി,സി പി ഒമാരായ ഉല്ലാസ്,സത്താര്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
















