ആലപ്പുഴ: അപകടാവസ്ഥയെത്തുടര്‍ന്ന് കനാലോരത്ത് നിന്ന മരങ്ങളുടെ വെട്ടിമാറ്റിയ മര്കകൊമ്പുകള്‍ നീക്കം ചെയ്യാതെ റോഡില്‍ത്തന്നെ കൂട്ടിയിട്ടിരിക്കുന്നത് നഗരത്തില്‍ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. മാസങ്ങള്‍ മുമ്പ് വെട്ടിമാറ്റിയതുള്‍പ്പെടെ കഴിഞ്ഞയാഴ്ച വെട്ടിയ മരക്കൊമ്പുകള്‍വരെ റോഡില്‍ കൂട്ടിയിട്ടിരിക്കുകയാണ്.
ഇരുവശങ്ങളില്‍ നിന്നും വാഹനങ്ങള്‍ വരുമ്പോള്‍ സൈഡുനല്‍കാന്‍പോലും സാധിക്കാത്ത വിധത്തിലാണ് ഇവ കൂട്ടിയിട്ടിരിക്കുന്നത്. ഇത് മിക്കപ്പോഴും ഇരുചക്രവാഹനയാത്രക്കാരെ അപകടത്തില്‍പ്പെടുത്തുന്നു. കോടതി പാലത്തിനു പടിഞ്ഞാറ് കഴിഞ്ഞയാഴ്ച വെട്ടിയ മരക്കൊമ്പുകല്‍ അലക്ഷ്യമായി കൂട്ടിയിരിക്കുകയാണ്. വനം വകുപ്പിന്റെ അനാസ്ഥയാണ് ഇവ നീക്കം ചെയ്യുന്നതില്‍ കാലതാമസം വരുത്തുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം. ചെറിയ കമ്പുകളും ഇലകളും തോട്ടിലേക്ക് ഇട്ടതിനാല്‍ ബോട്ടു ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കുന്നതായി ബോട്ടുടമകളും ആരോപിക്കുന്നു. എത്രയും വേഗം ഇവ മാറ്റി ഗതാഗതസൗകര്യം മെച്ചപ്പെടുത്തണമെന്ന ആവശ്യം ശക്തമായി.
















