ആലപ്പുഴ: അറുപത്തിനാലാമത് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ ഭാഗ്യചിഹ്‌നമായി കളിത്തോണിയിലെ കുട്ടിക്കൊമ്പനെ തിരഞ്ഞെടുത്തു. മംഗളം ദിനപത്രത്തിലെ അസിസ്റ്റന്റ് എഡിറ്റര്‍ തിരുവല്ല കോയിപ്രം പൂവത്തൂര്‍ വയക്കരവീട്ടില്‍ സജിത്ത് പരമേശ്വരനാണ് ഭാഗ്യചിഹ്നം വരച്ചത്.
പ്രശസ്ത സംവിധായകന്‍ ഫാസില്‍ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു. സംവിധായകന്‍ ഫാസിലിന്റെ ആലപ്പുഴയിലെ വീട്ടില്‍ നടന്ന ചടങ്ങില്‍ നെഹ്‌റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി ചെയര്‍പേഴ്‌സണായ ജില്ലാ കളക്ടര്‍ ആര്‍. ഗിരിജയ്‌ക്ക് ഭാഗ്യചിഹ്‌നം നല്‍കിക്കൊണ്ടായിരുന്നു പ്രകാശനം. ജില്ലാ കളക്ടര്‍ അധ്യക്ഷത വഹിച്ചു. ഭാഗ്യ ചിഹ്നത്തിനായി ലഭിച്ച 84 എന്‍ട്രികളില്‍നിന്ന് ചിത്രകാരന്‍മാരായ സതീഷ് വാഴവേലി, ടി. ബേബി, സാംസ്‌കാര പ്രവര്‍ത്തകനായ ഹരികുമാര്‍ വാലേത്ത് എന്നിവരടങ്ങിയ വിധി നിര്‍ണയ സമിതി കുട്ടിക്കൊമ്പനെ തെരഞ്ഞെടുത്തത്.
കുട്ടനാടന്‍ സംസ്‌കൃതിയുടെ പ്രതീകമായ പാളത്തൊപ്പിയണിഞ്ഞ കരിവീരന്‍ കായിക ശക്തിയുടെ പ്രതീകം കൂടിയാണെന്ന് വിധി നിര്‍ണയ സമിതി വിലയിരുത്തി. വിജയിക്ക് 5,001 രൂപയുടെ കാഷ് അവാര്‍ഡ് നല്‍കും. പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനറായ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അജോയ്, ശ്രീകുമാരന്‍ തമ്പി, എ.എം. നൗഫല്‍, എ. കബീര്‍, എം. രഘു, ഹരികുമാര്‍ വാലേത്ത്, അബ്ദുള്‍ സലാം ലബ്ബ, പി. ഹംസ, രമേശന്‍ ചെമ്മാപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.
















