മട്ടന്നൂര്‍: വിമാനത്താവള നിര്‍മ്മാണ തൊഴിലാളികളെ അനധികൃതമായി പിരിച്ചുവിടാനുള്ള നീക്കം എല്‍ആന്റ്ടി പുനഃപരിശോധിക്കും. തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് നടത്തിവന്ന തൊഴിലാളി പണിമുടക്കിനോടനുബന്ധിച്ച് ബിഎംഎസ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനമായത്. എല്‍ആന്റ്ടി കമ്പനിയിലെ പിആന്റ്എം സെക്ഷനിലെ തൊഴിലാളികളെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന് ബിഎംഎസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം പണിമുടക്ക് നടത്തിയിരുന്നു. ബിഎംഎസ് ബിജെപി നേതാക്കളായ വി.വി.ചന്ദ്രന്‍, പി.കൃഷ്ണന്‍, സത്യന്‍ കൊമ്മേരി, പി.രാജന്‍, എം.വി.ശശിധരന്‍ എന്നിവരാണ് കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തിയത്. തൊഴിലാളികള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ എല്‍ആന്റ്ടി അധികൃതര്‍ സമ്മതിച്ചതോടെയാണ് സമരം അവസാനിച്ചത്. എറ്റവും ഒടുവിലായി പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയ പതിനാറുപേരെ തിരിച്ചെടുക്കാനും പിരിച്ചുവിടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനും നിലവിലുള്ളവരെ പിരിച്ചുവിടില്ല എന്നുമാണ് ചര്‍ച്ചയില്‍ തീരുമാനമായത്.
















