കണ്ണൂര്‍: എല്‍എസ്എസ്/യുഎസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷകളില്‍ മെച്ചപ്പെട്ട റിസള്‍ട്ടുണ്ടാക്കുന്നതിന് വേണ്ടി കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലയില്‍ നടപ്പാക്കുന്ന മേന്മ 2017 തീവ്ര പരിശീലന പരിപാടി ആരംഭിച്ചു. സബ് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന ശില്‍പ്പശാല ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.എം.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുള്‍ അസീസ് പുതുക്കുടി പ്രവര്‍ത്തന കലണ്ടര്‍ വിശദീകരിച്ചു. സി.മിഥുന്‍, അശോകന്‍ മാസ്റ്റര്‍, എം.അജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. പി.മാധവന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി വിദ്യാലയങ്ങളില്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കും. പാദവാര്‍ഷിക മൂല്ല്യനിര്‍ണയത്തിന് ശേഷം തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സിആര്‍സി തലത്തില്‍ പ്രത്യേക ക്ലാസുകള്‍ സംഘടിപ്പിക്കും. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും മോണിറ്റര്‍ ചെയ്യുന്നതിനുമായി വിഷയാടിസ്ഥാനത്തില്‍ അക്കാദമിക് വിങ്ങുകള്‍ രൂപീകരിച്ചിട്ടുണ്ട്. കണ്ണൂര്‍ ഡയറ്റിലെ സീനിയര്‍ ലക്ചറര്‍മാരായ കെ.എം.ചന്ദ്രന്‍, കെ.എം.സോമരാജന്‍, പി.പ്രദീപ് കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.
















