ലണ്ടൻ: ഐസിസ് ഭീകരർക്കെതിരെ സംഗീതം ആയുധമാക്കി മുന്നേറുകയാണ് ബ്രിട്ടീഷ് സൈന്യം. ഹിന്ദി ഗാനങ്ങൾ ഉപയോഗിച്ച് ഭീകരരെ മാനസികമായി സമ്മർദ്ദത്തിലാഴ്‌ത്തി യുദ്ധരംഗം അനുകൂലമാക്കാനുള്ള സൈക്കോളജിക്കൽ പദ്ധതിയാണ് ബ്രിട്ടീഷ് പട്ടാളം നടത്തിവരുന്നത്.
പാക്കിസ്ഥാനിയായ ഒരു ബ്രിട്ടീഷ് സൈനികനാണ് വ്യത്യസ്തമായ ഈ പദ്ധതിക്ക് ചുക്കാൻ പിടിക്കുന്നത്. ബോളിവുഡ് ഗാനങ്ങൾ കേട്ടാൽ ഐസിസ് ഭീകരർ അസ്വസ്ഥരാകുമെന്ന് മനസിലാക്കിയതിനെ തുടർന്നാണ് സൈന്യം ലിബിയൻ നഗരമായ സിർത്തിൽ ബോളിവുഡ് സംഗീതം ഉച്ചത്തിൽ വച്ചുകൊണ്ട് ഭീകരർക്കെതിരെ ആഞ്ഞടിക്കുന്നത്.
ഐഎസിനെ മാനസികമായി നേരിടുന്നതിന് ജോയിന്റ് സ്പെഷൽ ഓപ്പറേഷൻ കമാൻഡ് (ജെ.എസ്.ഒ.സി.) എന്ന യൂണിറ്റും ആർമി രൂപികരിച്ചിട്ടുണ്ട്. ഐസിസിന് സംഗീതം എന്നത് അനിസ്ലാമികമാണ്.നഗരത്തിന്റെ പല ഭാഗത്തും ഹിന്ദി ഗാനങ്ങൾ സജ്ജമാക്കിയ കാറുകൾ നിരത്തിയിട്ടുണ്ട്. ഹിന്ദിപ്പാട്ടുകൾ കേൾക്കുമ്പോൾ ഭീകരർ അസ്വസ്ഥരാവുകയും അവർ റേഡിയോ സംവിധാനം വഴി രോഷം പ്രകടിപ്പിക്കുകയും ചെയ്യും.
ഈ റേഡിയോ സന്ദേശം പിന്തുടർന്ന് സൈന്യത്തിന് ഭീകരരുടെ രഹസ്യകേന്ദ്രങ്ങൾ കണ്ടെത്താൻ സാധിക്കുമെന്നാണ് സൈന്യം പറയുന്നത്. യൂണിറ്റിന്റെ മികച്ച പ്രവർത്തനത്തിൽ നിരവധി ഭീകരരുടെ സന്ദേശങ്ങൾ പട്ടാളത്തിന് ലഭിച്ചിട്ടുണ്ടെന്ന് സൈനിക വക്താവ് വ്യക്തമാക്കുന്നു.
















