പറവൂര്‍: യാതൊരു സുരക്ഷാ സജ്ജീകരണങ്ങളും പാലിക്കാതെ ഫെറി സര്‍വ്വീസുകള്‍ യാത്രക്കാര്‍ക്ക് ഭീഷണിയാവുന്നു. പുത്തന്‍വേലിക്കര പഞ്ചായത്തിനെയും ചേന്ദമംഗലം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നാല് ചങ്ങാടഫെറി സര്‍വ്വീസ് നടത്തുന്നത്. പഴമ്പിള്ളി തുരുത്ത്- ബസ്‌റ്റേഷന്‍കടവ്, കോട്ടയില്‍ കോവിലകം-മാളവന, ചാത്തേടം- തിരുത്തിപ്പുറം, ഗോതുരുത്ത്- തിരുത്തിപ്പുറം എന്നിവിടങ്ങളിലാണ് ഫെറി സര്‍വ്വീസുള്ളത്.
ഗോതുരുത്ത്-തിരുത്തിപ്പുറം, ചാത്തേടം-തിരുത്തിപ്പുറം എന്നിവിടങ്ങളില്‍ സര്‍വ്വീസ് നടത്തുന്നത് പഴയ ഫിഷിംങ് ബോട്ടിലാണ്. ഇതിന്റെ മദ്ധ്യത്തിലായി പലക കൊണ്ട് പ്ലാറ്റ് ഫോം തയ്യാറാക്കി ഇതില്‍ യാത്രക്കാരെ കൂടാതെ പത്തും പന്ത്രണ്ടും ഇരുചക്രവാഹനങ്ങളാണ് കയറ്റുന്നത്.
മൂന്ന് വര്‍ഷത്തിന് മുന്‍പ് ഓട്ടോറിക്ഷയും കയറ്റുമായിരുന്നു. ഒരു ഓട്ടോറിക്ഷ വെള്ളത്തില്‍ പോയതിനു ശേഷമാണ് അത് നിര്‍ത്തിയത് . കോട്ടയില്‍ കോവിലകം-മാളവന ഫെറിയിലാണ് ബോട്ടില്‍ രണ്ട് വള്ളംഘടിപ്പിച്ച് വലിയ വാഹനങ്ങള്‍ കയറ്റി സര്‍വ്വീസ് നടത്തുന്നത് . ഇപ്പോള്‍ അപകടം നടന്ന സ്റ്റേഷന്‍കടവ് പഴമ്പിള്ളി തുരുത്ത് ഫെറി രണ്ട് വള്ളങ്ങള്‍ കൂട്ടിക്കെട്ടി അതില്‍ ആപ്പേ ഓട്ടോറിക്ഷയുടെ എഞ്ചിന്‍ ഘടിപ്പിച്ചാണ് ഓടിക്കുന്നത്. ഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ വരെ ഇതില്‍ കയറ്റുന്നത് പതിവാണ്. പലക കൊണ്ട് തയ്യാറാക്കിയ പ്ലാറ്റ് ഫോമിന് ഇരുവശവും യാതൊരു സുരക്ഷാ സംവിധാനവും ഒരുക്കാതെയാണ് സര്‍വ്വീസ് നടത്തുന്നത്. ഫെറിയില്‍ കയറ്റാന്‍ പറ്റുന്നതിലും കൂടുതല്‍ വാഹനങ്ങളും യാത്രക്കാരുമായുള്ള യാത്ര ഭീതി ജനിപ്പിക്കുന്നതാണ്.
പെരിയാറിന്റെ കൈവഴി കൂടിയായ ഈപുഴ മണല്‍വാരല്‍ കാരണം വളരെ ആഴമുള്ളതും ശക്തമായ ഒഴുക്കും ഉള്ളതാണ് . ഈ ഫെറികളിലെല്ലാം യാതൊരു പരിചയവുമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത്. ഇവരുടെ അശ്രദ്ധമൂലമാണ് ഇന്നലെ രാവിലെ ഫെറിയില്‍ നിന്നും കാര്‍ വെള്ളത്തിലേക്ക് പോയി മാനാഞ്ചേരിക്കുന്ന് സ്വദേശിയായ അറുമുഖന്‍ മരിക്കാന്‍ ഇടയായത് . മുന്‍പും ഇത്തരത്തില്‍ യാത്രക്കാര്‍ വെള്ളത്തില്‍ വീണ സംഭവങ്ങള്‍ അനവധിയാണ്.
ഇനിയും ഇത്തരത്തില്‍ വലിയ അപകടങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ അധികൃതരുടെ കണ്ണ് തുറക്കുമെന്നാണ് പ്രതീക്ഷ.
















