ന്യൂദൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ സുഖവാസത്തിലാണെന്ന് റിപ്പോർട്ട്. സിഎൻഎൻ18 ചാനൽ നടത്തിയ രഹസ്യാന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പാകിസ്ഥാനിലെ പ്രമുഖ നഗരമായ കറാച്ചിയിലെ ക്ലിഫ്റ്റൺ പ്രദേശത്തെ രഹസ്യ ബംഗ്ലാവിൽ അബു സലിം കഴിയുന്നതായാണ് ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.
അധോലോക നായകന്റെ വസതിയെ അൽഖ്വയ്ദ നേതാവ് ഒസാമ ബിൻലാദന്റെ അബോട്ട ബാദിലുണ്ടായിരുന്ന ഒളിവ് സങ്കേതത്തിനോടാണ് ചാനൽ താരതമ്യം ചെയ്യുന്നത്. അത്രയും സുരക്ഷയും പുറം ലോകവുമായി യാതൊരു തരത്തിലുള്ള ബന്ധവുമില്ലാത്ത രീതിയിലാണ് ബംഗ്ലാവ് നിലനിൽക്കുന്നത്. ബംഗ്ലാവിന്റെ രണ്ട് ദിക്കിലും ശൂന്യമായ നിലങ്ങളാണെന്നും ചുറ്റും മൂന്ന് മീറ്റർ ഉയരത്തിൽ മതിൽ നിർമ്മിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ദാവൂദിന്റെ പുതിയ വസതിയുടെ മേല്‍വിലാസം ചാനൽ പരസ്യമാക്കുകയും ചെയ്തു. ഡി-13, ബ്ലോക്ക് 4, ക്ലിഫ്റ്റൻ, കറാച്ചി എന്നതാണ് മേൽവിലാസം. പാകിസ്ഥാൻ കൊടും കുറ്റവാളിയായ അബു സലിമിനെ സുരക്ഷിതമായി രാജ്യത്ത് തങ്ങാൻ അനുമതി നൽകിയെന്ന ആരോപണത്തിന് ശക്തി പകരുന്നതാണ് ചാനൽ പുറത്ത് വിട്ട റിപ്പോർട്ട്. ഇന്ത്യ തേടുന്ന കൊടും കുറ്റവാളിയാണ് ദാവൂദ്.
















