വാഷിങ്ടണ്‍: ആഗോളതാപനം മൂലമുള്ള ജലക്ഷാമം കുടിയേറ്റങ്ങള്‍ക്കും പലായനങ്ങള്‍ക്കും അതുവഴി സംഘര്‍ഷങ്ങള്‍ക്കും ആഗോളതലത്തില്‍ സാധ്യതയുണ്ടാക്കുന്നുവെന്ന് ലോകബാങ്ക് മുന്നറിയിപ്പ്. അതേസമയം മഴലഭ്യത നാലുശതമാനം കുറഞ്ഞാല്‍ ഭാരതത്തില്‍ സ്വത്തുതര്‍ക്കത്തിലുള്ള അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് പതിവെന്ന് ലോകബാങ്കിന്റെ ഒരു റിപ്പോര്‍ട്ടില്‍ പറയുന്നു.
ശരാശരിയിലും താഴെയാണ് മഴയെങ്കില്‍ സമുദായ സംഘര്‍ഷങ്ങള്‍തന്നെയുണ്ടാകും. അതേസമയം വെള്ളപ്പൊക്കവും ഈ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ടെന്ന് ബുധനാഴ്ച അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജനപ്പെരുപ്പം, വരുമാന വളര്‍ച്ച, നഗര വികസനം തുടങ്ങിയവ ജലാവശ്യകത കൂട്ടുന്നുവെന്നും ആവശം നിറവേറ്റുക എളുപ്പമല്ലെന്നും ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ലോകത്താകെ സാമ്പത്തിക സ്ഥിരതയേയും അതുവഴി വികസനത്തേയും ജലക്ഷാമം ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടിലെ വിശദീകരണങ്ങള്‍.
















