കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ജില്ലയിലെ 14 നിയോജക മണ്ഡലം വരണാധികാരി കാര്യാലയങ്ങളില്‍ പൂര്‍ത്തിയായി. ഇന്നലെ സൂക്ഷ്മപരിശോധനയില്‍ അപാകതയുണ്ടെന്നു കണ്ടെത്തിയ പത്രികകള്‍ തള്ളി. അംഗീകരിച്ച പത്രികകളുടെ എണ്ണം മണ്ഡലം തിരിച്ചു ചുവടെ ചേര്‍ക്കുന്നു:
വൈപ്പിന്‍ 13, കുന്നത്തുനാട് എട്ട്, തൃപ്പൂണിത്തുറ14, ആലുവ13, പെരുമ്പാവൂര്‍11, പറവൂര്‍ 10, മുവാറ്റുപുഴ ആറ്, കോതമംഗലം എട്ട്, കളമശേരി 11, അങ്കമാലി12, പിറവം9, തൃക്കാക്കര 11, എറണാകുളം 11, കൊച്ചി11.
എറണാകുളം മണ്ഡലത്തില്‍ പത്രിക നല്‍കിയ ഡോ. പൂര്‍ണിമ നാരായണന്‍ പിന്‍വലിക്കുന്നതിന് അപേക്ഷ നല്‍കിയെങ്കിലും ഇതിന്‍മേല്‍ ഔദ്യോഗിക തീരുമാനം പിന്‍വലിക്കാനുള്ള തീയതിയായ മേയ് രണ്ടിനേ ഉണ്ടാകുകയുള്ളൂ. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതിയായ മേയ് രണ്ടിനു മാത്രമേ ഓരോ മണ്ഡലത്തിലെയും യഥാര്‍ഥ ചിത്രം വ്യക്തമാകൂ .
മത്‌സരരംഗത്തുള്ള പ്രമുഖരുടെ ആരുടെയും പത്രികകളില്‍ അപാകത കണ്ടെത്തിയിട്ടില്ല. അംഗീകൃത രാഷ്‌ട്രീയപ്പാര്‍ട്ടികളുടെയും സംസ്ഥാന രാഷ്‌ട്രീയപ്പാര്‍ട്ടികളുടെയും രജിസ്റ്റര്‍ ചെയ്യപ്പെട്ട രാഷ്‌ട്രീയപ്പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികള്‍ പത്രിക നല്‍കിയിരുന്നു.
















