പള്ളുരുത്തി: തെരഞ്ഞെടുപ്പ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ രേഖകളില്ലാതെ കടത്തുകയായിരുന്ന പണം പിടിച്ചെടുത്തു. ബുധനാഴ്ച ഇടക്കൊച്ചി പാലത്തിന് സമീപം നടത്തിയ പരിശോധനയിലാണ് പണമടങ്ങിയ ബാഗുമായി ആലപ്പുഴ ജില്ലയിലെ രണ്ട് യുവാക്കള്‍ പിടിയിലായത്. ബൈക്കില്‍ വരികയായിരുന്ന യുവാക്കളെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിന് കീഴിലെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുകൂടിയായ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ എസ്. മായയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന 18,30,000 രൂപ കണ്ടുകെട്ടി.
യുവാക്കളുടെ പക്കല്‍ വാഹനത്തിന്റേതടക്കം ഒരു രേഖകളുമുണ്ടായില്ലെന്ന് പരിശോധനാസംഘം പറഞ്ഞു. ഇവരില്‍നിന്നും കണ്ടെടുത്ത പണം ട്രഷറിയില്‍ നിക്ഷേപിച്ചു. പ്രതികള്‍ പള്ളുരുത്തി പോലീസ് സ്‌റ്റേഷനില്‍ കസ്റ്റഡിയിലാണ്. സ്‌ക്വാഡ് അംഗങ്ങളായ എഎസ്‌ഐ പി. ശശി, സീനിയര്‍ സിവില്‍ പോലീസ് ഒാഫീസര്‍ സി.എസ്. വേണു എന്നിവരും സംഘത്തിലുണ്ടായിരുന്നു.
















