കോട്ടയം: കേരള ഗവ. ഹോമിയോ മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 21ന് രാവിലെ 9.30മുതല്‍ തിരുനക്കര മൈതാനത്ത് സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് നടത്തും. ഡോ.സാമുവല്‍ ഹാനിമാന്റെ 261-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. കേരളത്തിലെ ഏറ്റവും മികച്ച ഹോമിയോ ഡോക്ടര്‍മാരുടെ സേവനം ക്യാമ്പില്‍ ലഭ്യമാകും. വന്ധ്യതാ ചികിത്സ, ലഹരി വിമോചന ചികിത്സ, കുട്ടികളുടെയും കൗമാരക്കാരുടെയും പഠന-സ്വഭാവ പെരുമാറ്റ വൈകല്യങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, മൂത്രാശയക്കല്ലുകള്‍, ഗര്‍ഭാശയ മുഴകള്‍, അലര്‍ജി, അസ്ത്മ തുടങ്ങിയവയ്ക്ക് പ്രത്യേക ചികിത്സാ വിഭാഗങ്ങള്‍ ഉണ്ടായിരിക്കും.
സ്ത്രീകള്‍ നേരിടുന്ന ഗാര്‍ഹിക പീഡനം, വിഷാദം, അമിത ഉത്കണ്ഠ, സംശയരോഗം, മറ്റ് മാനസിക-ശാരീരിക പ്രശ്നങ്ങള്‍, കുടുംബപ്രശ്നങ്ങള്‍ എന്നിവയുടെ പരിഹാരത്തിന് ചികിത്സയോടൊപ്പം കൗണ്‍സിലിംഗ് മെഡിക്കല്‍ ക്യാമ്പില്‍ ലഭിക്കും. കേരള സര്‍വ്വീസ് ലീഗല്‍ അതോറിറ്റിയുടെ സൗജന്യ നിയമോപദേശവും ക്യാമ്പില്‍ നിന്ന് ലഭിക്കുന്നതാണ്. മെഡിക്കല്‍ ക്യാമ്പിനോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്കായി വിവിധ സെമിനാറുകളും ശാസ്ത്ര ക്വിസ് മത്സരങ്ങളും നടത്തും. ഹോമിയോപ്പതി വകുപ്പ് മേധാവി ഡോ. കെ.ജമുന ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പരിപാടിയില്‍ ജില്ലാ അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് ജഡ്ജ് വി.എസ്. ബിന്ദുകുമാരി മുഖ്യാതിഥിയായിരിക്കും. കെജിഎച്ച്എംഒ സംസ്ഥാന പ്രസിഡന്റ് ഡോ.ആര്.സുനില്‍രാജ് അദ്ധ്യക്ഷത വഹിക്കും. ക്യാമ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ 9446322851, 9447859321, 9447127331 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. ഡോ.റോയി സഖറിയ, ഡോ. ലീന ജാസ്മിന്, ഡോ. റെജി.കെ.കുഴിയേലില്‍, ഡോ.അനില്‍കുമാര്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: