ആലപ്പുഴ: ജില്ലയിലെ പരമാവധി വോട്ടര്‍മാരെ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജില്ലാ തല സ്വീപ്പ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ സജ്ജീകരിച്ച വോട്ടുവണ്ടി പര്യടനം തുടങ്ങി. വോട്ട് വണ്ടിയുടെ യാത്ര ജില്ലാ കളക്ടര്‍ ആര്‍. ഗിരിജ കളക്‌ട്രേറ്റ് കവാടത്തില്‍ ഫഌഗ് ഓഫ് ചെയ്തു.
എഡിഎം ജെ. ഗിരിജ, സ്വീപ്പ് നോഡല്‍ ഓഫീസര്‍ വി. സുദേശന്‍ എന്നിവര്‍ സന്നിഹിതരായി. പ്രവര്‍ത്തന സജ്ജമായ വോട്ടിങ് മെഷീന്‍, വി.വി. പാറ്റ് മെഷീന്‍ എന്നിവ വണ്ടിയില്‍ ഒരുക്കിയിട്ടുണ്ട്. വോട്ട് ചെയ്ത് പരിശീലിക്കുന്നതിനുള്ള സൗകര്യവുമുണ്ടായിരിക്കും.
ഓരോ പൗരനും ജനാധിപത്യ പ്രക്രിയയില്‍ ഭാഗമാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് വിവരിക്കുന്ന സന്ദേശങ്ങളാണ് വണ്ടിയില്‍ പതിപ്പിച്ചിട്ടുള്ളത്. ഒരു നിയമസഭാ മണ്ഡലത്തില്‍ രണ്ടുദിവസം എന്ന നിലയില്‍ വോട്ടുവണ്ടി പര്യടനം നടത്തും.
ആദ്യ ദിനം ആലപ്പുഴ പിന്നീട് ചേര്‍ത്തല, അരൂര്‍, കുട്ടനാട്, അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്‍ എന്നീ ക്രമത്തിലാണ് പര്യടനം.
















