കണ്ണൂര്‍: കവി ഒഎന്‍വി കുറുപ്പിന്റെ സ്മരണകള്‍ക്ക് മുന്നില്‍ കണ്ണൂര്‍ നഗരത്തിന്റെ ഗാനാഞ്ജലി അര്‍പ്പിക്കാന്‍ 10ന് ഓര്‍മ്മകളില്‍ ഒഎന്‍വി ചലച്ചിത്ര ഗാനസന്ധ്യ നടത്തുമെന്ന് ലയണ്‍സ് കഌബ് കണ്ണൂര്‍ ഫോര്‍ട്ട് സിറ്റി പ്രസിഡന്റ് അഡ്വ. എം.—വിനോദ് ഭട്ടതിരിപ്പാട്, വിന്‍വിന്‍കോര്‍പ് മാനേജിംഗ് പാര്‍ട്ണര്‍ ടി.മിലേഷ് കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ പി.ജയചന്ദ്രനും യുവഗായകന്‍ വിജയ് യേശുദാസും നയിക്കുന്ന ഓര്‍മ്മകളില്‍ ഒഎന്‍വി ചലച്ചിത്രഗാനസന്ധ്യ 10ന് വൈകിട്ട് 5.30ന് കണ്ണൂര്‍ സാധു കല്യാണ മണ്ഡപത്തില്‍ നടക്കും. സംസ്ഥാനത്തെ മികച്ച കലക്ടറായി തിരഞ്ഞെടുക്കപ്പെട്ട കണ്ണൂര്‍ കലക്ടര്‍ പി.ബാലകിരണിനെ ചടങ്ങില്‍ ആദരിക്കും.
സംസ്ഥാന അവാര്‍ഡ് ജേതാക്കളായ സംഗീത സംവിധായകനും ഹിന്ദുസ്ഥാനി സംഗീതജ്ഞനുമായ പണ്ഡിറ്റ് രമേഷ് നാരായണ്‍, മികച്ച പിന്നണി ഗായികയ്‌ക്കുള്ള പുരസ്‌കാരം നേടിയ മധുശ്രീ എന്നിവരും ചടങ്ങില്‍ കണ്ണൂരിന്റെ ആദരം ഏറ്റുവാങ്ങും.
സിനിമാ നിര്‍മ്മാതാവും കലയെ അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുന്ന ബിസിനസ്സുകാരനും പ്രവാസിയുമായ മൊട്ടമ്മല്‍ രാജന്‍, കണ്ണൂര്‍ വേവ്‌സ്, കുന്ദാപുരം കൈരളി സുഹൃദ്‌വേദി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുകയും മറുനാടന്‍ ജനതയുടെ നിരവധി ആദരങ്ങളും കര്‍ണ്ണാടക സ്‌റ്റേറ്റ് പവര്‍ ലിഫ്റ്റിംഗ് അസോസിയേഷന്റെ പ്രത്യേക പുരസ്‌കാരവും ഏറ്റുവാങ്ങിയ മുന്‍ കണ്ണൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് ചാമ്പ്യനും മേലെച്ചൊവ്വ സ്വദേശിയുമായ കെ.പി.ശ്രീശനെയും ചടങ്ങില്‍ ആദരിക്കും. പ്രവേശനം പാസ് മുഖാന്തിരമായിരിക്കും.
3ന് കണ്ണൂര്‍ ഗുരു‘ഭവനില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി ഒഎന്‍വി കവിതാലാപന മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0497 2765856, 7025507775, 7025507778.—ലയണ്‍സ് ക്ലബ് ചാര്‍ട്ടര്‍ പ്രസിഡന്റ് പ്രസൂണ്‍ കുമാര്‍, വിന്‍വിന്‍കോര്‍പ് പാര്‍ട്ണര്‍ കെ.ശശിധരന്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.
















