കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി രാഷ്‌ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും അച്ചടി-ദൃശ്യമാധ്യമങ്ങളിലൂടെ നടത്തുന്ന പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ജില്ലാതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ & മോണിറ്ററിങ്ങ് കമ്മറ്റിയുടെ (എംസിഎംസി) സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇതിനായി ബന്ധപ്പെട്ട രാഷ്‌ട്രീയ പാര്‍ട്ടികള്‍ എംസിഎംസി കമ്മിറ്റിക്ക് അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷയുടെ മാതൃക ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കും. ചാനലുകളിലും അച്ചടി മാധ്യമങ്ങളിലും വരുന്ന പെയ്ഡ് ന്യൂസുകള്‍ കര്‍ശനമായി നിരീക്ഷിക്കാന്‍ എംസിഎംസി യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ നിര്‍ദ്ദേശം നല്‍കി. ഏതെങ്കിലും ഒരു പാര്‍ട്ടിയേയോ സ്ഥാനാര്‍ത്ഥിയേയോ മാത്രം അനുകൂലിച്ചുളള വാര്‍ത്തകള്‍ പെയ്ഡ് ന്യൂസിന്റെ പരിധിയില്‍ വരും. ഇങ്ങനെ കണ്ടെത്തിയാല്‍ ബന്ധപ്പെട്ട മാധ്യമ സ്ഥാപപനങ്ങള്‍ക്ക് കമ്മിറ്റി നോട്ടീസ് അയക്കുകയും തുക കണക്കാക്കി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുമെന്ന് കലക്ടര്‍ പറഞ്ഞു. ഇതു സംബന്ധിച്ച് എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കും കത്തയക്കും. പെയ്ഡ് ന്യൂസ് സംബന്ധിച്ച പെരുമാറ്റച്ചട്ടത്തിലെ വ്യവസ്ഥകളെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കാനും യോഗം നിര്‍ദ്ദേശിച്ചു.
യോഗത്തില്‍ സബ് കലക്ടര്‍ നവജ്യോത് ഖോസ, അസി.കലക്ടര്‍ എസ്.ചന്ദ്രശേഖര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, അസി എഡിറ്റര്‍ ഇ.കെ.പത്മനാഭന്‍ എന്നിവരും പങ്കെടുത്തു.
















