കണ്ണൂര്‍: ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രത്തില്‍ ചെയ്യുന്ന വോട്ട് ഉദ്ദേശിച്ച സ്ഥാനാര്‍ഥിക്ക് തന്നെയാണോ പതിഞ്ഞത് എന്ന് വോട്ടര്‍ക്ക് ഉറപ്പാക്കാന്‍ കഴിയുന്ന വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവി പാറ്റ്) സംവിധാനം നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലും ഉപയോഗിക്കും. കണ്ണൂര്‍ നിയമസഭാ മണ്ഡലത്തിലെ 42 ബൂത്തുകളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇത് ഉപയോഗിക്കുക.
വോട്ടിങ്ങ് യൂണിറ്റിനൊപ്പം തന്നെയാണ് ബൂത്തുകളില്‍ ഇത് സ്ഥാപിക്കുക. വോട്ടിങ്ങ് യന്ത്രത്തില്‍ വിരലമര്‍ത്തി വോട്ട് രേഖപ്പെടുത്തിയാലുടന്‍ വിവി പാറ്റ് യന്ത്രത്തില്‍ വോട്ട് രേഖപ്പെടുത്തിയ സ്ഥാനാര്‍ഥിയുടെ പേര്, ചിഹ്നം, സീരിയല്‍ നമ്പര്‍ എന്നിവ അച്ചടിച്ച േപപ്പര്‍ പ്രത്യക്ഷമാകും. ഏതാനും നിമിഷങ്ങള്‍ ദൃശ്യമായശേഷം ഈ കടലാസ് തുണ്ട് യന്ത്രത്തിന്റെ അകത്തേക്ക് നിക്ഷേപിക്കപ്പെടും. വിവി പാറ്റ് മെഷീനും സീല്‍ ചെയ്ത നിലയിലായിരിക്കും. ഇവ വോട്ടുചെയ്തയാള്‍ക്ക് മാത്രം കാണാമെന്നല്ലാതെ പുറത്തേക്ക് വരാത്തതിനാല്‍ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടമാകുകയുമില്ല.
















