പാനൂര്‍: കൂത്തുപറമ്പ് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥി സി.സദാനന്ദന്‍ മാസ്റ്റര്‍ക്കും ബിജെപി ജില്ലാപ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട പി.സത്യപ്രകാശന്‍മാസ്റ്റര്‍ക്കും നാളെ 5മണിക്ക് പാനൂരില്‍ സ്വീകരണം നല്‍കുമെന്ന് ബിജെപി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 3 മണിക്ക് തലശേരി റെയില്‍വേസ്റ്റേഷനില്‍ നിന്നും നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സ്വീകരിക്കും. 3.30ന് മണ്ഡലം അതിര്‍ത്തിയായ കോട്ടയംപൊയിലില്‍ എത്തിച്ചേരുന്ന നിയുക്ത സ്ഥാനാര്‍ത്ഥിക്ക് കൂത്തുപറമ്പില്‍ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കും .തുടര്‍ന്ന് പത്തായക്കുന്നിലെ ബലിദാനി വി.എ.ഗംഗാധരന്റെ വീട്ടിലെത്തി സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തും. അതിനുശേഷം യുവമോര്‍ച്ചയുടെ കരുത്തായിരുന്ന വീരബലിദാനി കെ.ടി.ജയകൃഷ്ണന്‍മാസ്റ്ററുടെ മാക്കൂല്‍പീടികയിലെ വീട്ടിലെത്തി സ്മൃതീകുടീരത്തില്‍ പുഷ്പമര്‍പ്പിച്ച് ജയകൃഷ്ണന്‍മാസ്റ്ററുടെ വന്ദ്യമാതാവ് കൗസല്യയില്‍ നിന്നും അനുഗ്രഹം വാങ്ങും. പാനൂരിലെത്തുന്ന സദാനന്ദന്‍മാസ്റ്റര്‍ ബലിദാനി പുളിഞ്ഞോളി ബാലന്റെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തും. തുടര്‍ന്ന് സമ്മേളന നഗരിയായ പുത്തൂര്‍ റോഡിലേക്ക് തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ത്ഥിയെ നേതാക്കളും പ്രവര്‍ത്തകരും ആനയിക്കും. സ്വീകരണസമ്മേളനവും പാനൂര്‍ ടൗണിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനവും ബിജെപി ഉത്തരമേഖല പ്രസിഡണ്ട് വിവി.രാജന്‍ നിര്‍വ്വഹിക്കും. പി.സത്യപ്രകാശ്, കെ.രഞ്ജിത്ത് തുടങ്ങിയ നേതാക്കള്‍ പ്രസംഗിക്കും.
പരിപാടികള്‍ വിശദീകരിച്ചു നടന്ന പത്രസമ്മേളനത്തില്‍ മണ്ഡലം പ്രസിഡണ്ട് വി.പി.സുരേന്ദ്രന്‍, ജില്ലാകമ്മറ്റി അംഗം കെ.പി.സജ്ഞീവ്കുമാര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ കെ.കെ.ചന്ദ്രന്‍, കെ.കെ.ധനഞ്ജയന്‍ എന്നിവര്‍ പങ്കെടുത്തു.
















