കണ്ണൂര്‍: മികച്ച പൊതു വിദ്യാലയങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി നടത്തിയ സംസ്ഥാന തല മികവുത്സവത്തില്‍ കണ്ണൂര്‍ സര്‍വ്വശിക്ഷാ അഭിയാന് മൂന്നാം സ്ഥാനം. സര്‍വ്വശിക്ഷാ അഭിയാന്‍ ജില്ലയില്‍ നടത്തിയ വിവിധ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ഉള്‍ക്കൊള്ളിച്ച സ്റ്റാളിന്റെയും ജില്ലയിലെ മികവുത്സവത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച വിദ്യാലയങ്ങളുടെ അവതരണത്തിന്റെയും അടിസ്ഥാനത്തിലാണ് മികച്ച ജില്ലകളെ കണ്ടെത്തിയത്. തിരുവനന്തപുരം എസ് എംവി ഹൈസ്‌കൂളില്‍ നടന്ന സംസ്ഥാനതല മികവുത്സവത്തില്‍ മലപ്പുറം, പാലക്കാട് ജില്ലകളാണ് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. ജിഎല്‍പിഎസ് മഴൂര്‍, എംയുപിഎസ് മാട്ടൂല്‍, എയുപിഎസ് കയരളം എന്നീ സ്‌കൂളുകളാണ് ജില്ലയില്‍ നിന്ന് പങ്കെടുത്തത്. അക്കാദമിക പ്രവര്‍ത്തനങ്ങളുടെ മികവും ശാസ്‌ത്രപഠനത്തിലൂടെ ഊര്‍ജ്ജസംരക്ഷണത്തിനും ജൈവവൈവിധ്യ സംരക്ഷണത്തിനും വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും മാലിന്യനിര്‍മാര്‍ജനം ഉള്‍പ്പെടെയുള്ള സാമൂഹ്യ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുമാണ് ഈ സ്‌കൂളുകളെ നേട്ടത്തിലെത്തിച്ചത്.
















