കണ്ണൂര്‍: കണ്ണൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയ്ഞ്ചല്‍സ് ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി കണ്ണൂരില്‍ പ്രവര്‍ത്തിച്ചു വരുന്ന 102 ആംബുലന്‍സ് സേവനം വിപുലീകരിക്കാന്‍ തീരുമാനിച്ചതായി ട്രസ്റ്റ് ചെയര്‍മാന്‍ ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 102 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുന്നവര്‍ക്ക് കേന്ദ്രീകൃത കണ്‍സോള്‍ വഴി,ഏറ്റവും അടുത്തുളള ആംബുലന്‍സ് സൗകര്യം നിമിഷങ്ങള്‍ക്കകം ലഭ്യമാക്കുന്നതാണ് സംവിധാനം. നിലവില്‍ ജില്ലയിലെ 65 ആംബുലന്‍സുകളിലാണ് ജിപിഎസ് സംവിധാനത്തിലൂടെ സേവനം ലഭ്യമാക്കുന്നത്. ഇത് നൂറ് ആംബുലന്‍സുകളിലേക്ക് ലഭ്യമാക്കും. കണ്ണൂരിന് പുറമെ കോഴിക്കോട്,വയനാട്,മലപ്പുറം,പാലക്കാട്,ഏറണാകുളം എന്നീ ജില്ലകളിലും എയ്ഞ്ചല്‍സിന്റെ സേവനം ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്. 100വിളിച്ചാല്‍ പോലീസ് സേവനവും 101 ല്‍ വിളിച്ചാല്‍ ഫയര്‍ഫോഴ്‌സിന്റെയും സേവനം ലഭ്യമാകുന്നതു പോലെ 102 ല്‍ വിളിച്ചാല്‍ നിമിഷങ്ങള്‍ക്കുളളില്‍ ആംബുലന്‍സ് സേവനം ജിപിആര്‍എസ് വഴി ലഭ്യമാക്കുന്നതാണ് 102 ആംബുലന്‍സ് ശൃംഖല. ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കുളള പരിശീലനം ,ട്രൊമോകെയര്‍ പരിശീലനം ,വിദ്യാര്‍ത്ഥികള്‍ക്കുളള പരിശീലനം, എല്ലാ വീട്ടിലും പരിശീലനം ലഭിച്ച ഒരു ജീവന്‍ രക്ഷകന്‍ എന്ന എഞ്ചല്‍സ് അറ്റ് യുവര്‍ ഹോം എന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. 102 ആംബുലന്‍സ് സേവനം സംബന്ധിച്ച വിവരം ജനങ്ങള്‍ക്കടിയില്‍ എത്തിക്കാന്‍ വിവിധ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ഡോ.സുല്‍ഫിക്കര്‍ അലി, പി.ഷാഹിന്‍, പി.നാരായണന്‍ എന്നിവരും പങ്കെടുത്തു.
















