അടിമാലി: നാടെങ്ങും കുടിവെള്ള ക്ഷാമത്തിന്റെ പിടിയിലാകുമ്പോഴും കൊന്നത്തടി പഞ്ചായത്ത് ഭരണസിരാ കേന്ദ്രത്തിലേക്കുള്ള റോഡില്‍ വെള്ളക്കെട്ട്. 5-ാം മൈലില്‍ നിന്നും കൊന്നത്തടിയിലേക്കുള്ള സുപ്രധാന റോഡില്‍ പുളിക്കല്‍ പടിയിലാണ് ഈ അസാധാരണ കാഴ്‌ച്ച. അശാസ്ത്രീയമായ റോഡ് നിര്‍മ്മാണവും ഓടകള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതുമാണ് വെള്ളക്കെട്ടിന് കാരണം. കൂടാതെ സമീപത്തുള്ള വളവില്‍ ഓട നികത്തി സ്വകാര്യ റോഡ് കോണ്‍ക്രീറ്റ് ചെയ്തത് മൂലം ഉറവവെള്ളം റോഡിലൂടെ ഒഴുകി എത്തുന്നതും റോഡ് തരകുന്നതിന് കാരണമായിട്ടുണ്ട്. വെള്ളക്കെട്ടിന് പ്രധാന കാരണവും ഇതുതന്നെയാണ്. കലുങ്ക് ഉപയോഗയോഗ്യമല്ലാതെ കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. 5-ാം മൈലില്‍ നിന്നും രണ്ടര കിലോമീറ്ററോളം വരുന്ന റോഡ് നിരവധി സ്ഥലങ്ങളില്‍ തകര്‍ന്ന് കിടക്കുകയാണ.് മൂന്നാര്‍, രാജാക്കാട്, രാജകുമാരി, കുഞ്ചിത്തണ്ണി മേഖലകളില്‍ നിന്നും ജില്ലാ ആസ്ഥാനമായ ഇടുക്കിയിലേക്കുള്ള ദൂരം കുറഞ്ഞ റോഡാണിത്. ഇടുക്കി ഡാമും മൂന്നാറും സന്ദര്‍ശിക്കാനെത്തുന്ന വിദേശികളുള്‍പ്പെടെയുള്ള സഞ്ചാരികളും ചെളിക്കെട്ട് നിറഞ്ഞ പാതയിലൂടെയാണ് യാത്ര ചെയ്യുന്നത്. പാതയോരങ്ങളില്‍ കാട്ടുചെടികളും പുല്ലും വളര്‍ന്ന് നില്‍ക്കുന്നത് വാഹനഅപകടങ്ങള്‍ക്കിടായാക്കുന്നുണ്ട്.
















