തൊടുപുഴ: മാതൃസമിതി സംസ്ഥാന അദ്ധ്യക്ഷ പ്രൊഫ. വി.ടി. രമയുടെ നേതൃത്വത്തിലുള്ള സ്ത്രീ സ്വാഭിമാന്‍ യാത്ര ഫെബ്രുവരി 2ന് തൊടുപുഴയില്‍ എത്തിച്ചേരും. യാത്രയുടെ ജില്ലാ സമാപനസമ്മേളനം വൈകുന്നേരം 4 മണിക്ക് തൊടുപുഴ മുനിസിപ്പല്‍ മൈതാനിയില്‍ നടക്കും. ഡോ. ഭവാനി ചന്ദ്രശേഖരന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗം പ്രീതി നടേശന്‍ ഉത്ഘാടനം ചെയ്യും. ബി.എം.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. സിന്ധുമോള്‍ ടി.പി, ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു എന്നിവര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യും. രഥയാത്ര കാസര്‍ഗോഡ് അനന്തപുരം ക്ഷേത്രത്തില്‍നിന്ന് തുടങ്ങി തിരുവനന്തപുരം വരെയാണ്. മാതൃദേവോ ഭവ എന്ന സന്ദേശം സമൂഹത്തിലെത്തിച്ചുകൊണ്ട്, സ്ത്രീയെ ജയ്‌മാതാ എന്ന് അഭിസംബോധനചെയ്യാന്‍ ഈ യാത്ര ഉദ്‌ബോധിപ്പിക്കുന്നു.സ്ത്രീ സുരക്ഷ, സ്ത്രീ ശാക്തീകരണം, കുടുംബഭദ്രത എന്നിവ ലക്ഷ്യമാക്കിക്കൊണ്ട്, വളരുന്ന തലമുറയില്‍ ഭാരതീയ മൂല്യങ്ങളുടെ നന്മ ഊട്ടി വളര്‍ത്താനുള്ള ശ്രമത്തിന്റെ തുടക്കമാണ് യാത്ര. നാളെയിലേക്ക് വളരുന്ന കുഞ്ഞുങ്ങള്‍ക്ക് സുരക്ഷിതത്വ ബോധവും ആത്മവിശ്വാസവും നല്‍കുന്ന വിധത്തില്‍ മാതൃത്വം ഉണരേണ്ടിയിരിക്കുന്നു. സ്ത്രീയെ അമ്മയും സഹോദരിയുമായിക്കണ്ട് ആദരിക്കാനുള്ള പുരുഷമനസ്സ് സംജാതമാക്കുന്നതോടൊപ്പം, സ്വയം ആദരവര്‍ഹിക്കുന്ന മാതൃത്വാഭിമാനത്തിലേക്ക് സ്ത്രീയും ഉണരണം എന്ന് ഈ യാത്ര ഉദ്‌ബോധിപ്പിക്കുന്നു.
















