കണ്ണൂര്‍: ജാമ്യം നേടുവാനുള്ള കുറുക്കുവഴിയായി ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനത്തേക്ക് തെരഞ്ഞെടുത്ത കാരായി രാജനെ തല്‍സ്ഥാനത്തുനിന്നും മാറ്റി ജില്ലയിലുള്ള മറ്റൊരംഗത്തെ പ്രസിഡണ്ടാക്കാന്‍ സിപിഎം തയ്യാറാകണമെന്ന് ഡിസിസി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂര്‍ ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതി പൂര്‍ത്തീകരണം മാര്‍ച്ചിനു മുമ്പ് പൂര്‍ത്തിയാക്കുന്നതിനും മറ്റു തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമൊക്കെ മേല്‍നോട്ടം വഹിക്കേണ്ട ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ജില്ലക്ക് പുറത്തുനിന്ന് ഭരണമറിയേണ്ട സ്ഥിതിയാണ് ഇപ്പോഴുള്ളത്. ഇത് ജനാധിപത്യ പ്രക്രിയക്ക് തന്നെ അപമാനമാണ്. കാരായി രാജനെ ജില്ലാ പഞ്ചായത്ത് അംഗവും പ്രസിഡണ്ടുമാക്കിയ തെറ്റ് സിപിഎം ഏറ്റുപറയുകയും തിരുത്തുകയും ചെയ്യണം. കൊലക്കേസില്‍ പ്രതിയായ ഒരാള്‍ക്ക് ജാമ്യം ലഭിക്കുവാന്‍ സിപിഎം ഇത്രയും തരംതാഴരുതെന്നും തലശ്ശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കാരായി ചന്ദ്രശേഖരനെയും മാറ്റിനിര്‍ത്തണമെന്നും മുഹമ്മദ് ബ്ലാത്തൂര്‍ ആവശ്യപ്പെട്ടു.
















