പാലാ: മാനവരാശിയുടെ അടിസ്ഥാന ജീവിത തത്വങ്ങള്‍ വേദങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നതായി പ്രമുഖ വേദ പണ്ഡിതനും എന്‍എസ്എസ് തന്ത്രവിദ്യാപീഠം മുന്‍ ഡയറക്ടറുമായ ഗോപാലകൃഷ്ണ വൈദിക്. മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമത്തിന്റെ മൂന്നാമത് ദിവസമായ ഇന്നലെ ആധുനിക കാലഘട്ടത്തില്‍ വേദങ്ങളുടെ പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വേദ തത്വങ്ങളുടെ സമഗ്രഭാവമാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളുമെന്നും അദ്ദേഹം പറഞ്ഞു.
പ്രപഞ്ചത്തെ സംബന്ധിച്ച ശാസ്ത്രവും ആത്മീയവുമായ എല്ലാ അറിവുകളും സൂക്ഷ്മരൂപത്തില്‍ വേദങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്. ദാര്‍ശനിക സിദ്ധാന്തങ്ങളില്‍ വേദങ്ങളുടെ സ്വാധീനം ശക്തമാണെന്നും ഇത് ലോകത്തിന് ഭാരതത്തിന്റെ സംഭാവനയാണെന്നും ഗോപാലകൃഷ്ണ വൈദിക് പറഞ്ഞു.
ഹിന്ദു മഹാസംഗമം ഉപാദ്ധ്യക്ഷന്‍ ഡോ. എസ്. സുകുമാരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ബി. രാമചന്ദ്രന്‍ സ്വാഗതവും ടി.എന്‍. രാജന്‍ നന്ദിയും പറഞ്ഞു.
ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാപാരി വ്യവസായി സംഗമം നടന്നു. അഡ്വ. രാജേഷ് പല്ലാട്ട് അദ്ധ്യക്ഷത വഹിച്ചു. എച്ച്.ഇ.എഫ്. സംസ്ഥാന സെക്രട്ടറി മനോജ് മേലാട്ട് മുഖ്യപ്രഭാഷണം നടത്തി.
















