തൊടുപുഴ: ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ദീനദയ സേവാ ട്രസ്റ്റ് കോലാനിയില്‍ നടത്തുന്ന സുദര്‍ശനം സ്‌പെഷ്യല്‍ സ്‌കൂളിന് തൊടുപുഴ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗിന്റെ കൈത്താങ്ങ്. കഴിഞ്ഞ ദിവസം തൊടുപുഴ മര്‍ച്ചന്റ്‌സ് യൂത്ത് വിംഗ് പ്രസിഡന്റ് സി.കെ ഷിഹാബിന്റെ അധ്യക്ഷതയില്‍ സുദര്‍ശനം സ്‌പെഷ്യല്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ തൊടുപുഴ നഗരസഭ അധ്യക്ഷ സഫിയ ജബ്ബാര്‍ സ്‌കൂളിലെ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഉപകരങ്ങള്‍ നല്‍കിക്കൊണ്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സ്‌കൂളിലെ ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി ഒരു വര്‍ഷം ധനസഹായം നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചു. ഈ പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി വേണു സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. ഒരുവര്‍ഷക്കാലം ഓരോ മാസവും 16000 രൂപ സ്‌കൂളിന് നല്‍കും. സ്‌കൂളിലെ എല്ലാ പ്രവര്‍ത്തനത്തിലും മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ കൈത്താങ്ങുണ്ടാകുമെന്ന് ചടങ്ങില്‍ സംസാരിച്ച പി വേണു പറഞ്ഞു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സുധാകരന്‍നായര്‍, കൗണ്‍സിലര്‍മാരായ അജിക്കുട്ടന്‍, ആര്‍.ഹരി, ഷിംനാസ്, യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി പ്രശാന്ത് പി.ആര്‍, പ്രസിഡന്റ് ഷിഹാബ് സി.കെ, ദീനദയ സേവാ ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ ടി.എന്‍ രാധാകൃഷണന്‍, സ്‌കൂള്‍ പ്രസിഡന്റ് പി.കെ രാമചന്ദ്രന്‍, കെ. വിജയന്‍, ഗോകുലം ബാലഭവന്‍ പ്രസിഡന്റ് എസ്. ലതികാമ്മ, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോസഫ് എവര്‍ഷൈന്‍, സ്‌കൂള്‍ സെക്രട്ടറി ബി.സജിത്കുമാര്‍, മനു തോമസ് എന്നിവര്‍ പ്രസംഗിച്ചു.
















