മറയൂര്‍: കോവില്‍കടവ് കോളേജിന് സമീപം മദ്യപരുടെ ശല്യം രൂക്ഷമാകുന്നു. കോളേജിന് സമീപം പൊങ്കപ്പള്ളിക്ക് പോകുന്ന റോഡിലാണ് മദ്യപാനികള്‍ തമ്പടിക്കുന്നത്. വിദ്യാര്‍ത്ഥികളുള്‍പ്പെടെ നൂറുകണക്കിനാളുകള്‍ സഞ്ചരിക്കുന്ന റോഡരികിലാണ് മദ്യപാനം നടക്കുന്നത്. അവധി ദിവസങ്ങളില്‍ ഇവിടെ നിരവധി ആളുകളാണ് മദ്യപിക്കുവാനായി മാത്രം എത്തുന്നത്. ഇടക്കടവ്, വണ്ണാന്തുറ, പാലപ്പെട്ടി തുടങ്ങിയ വനവാസി കുടികളിലേക്കുള്ള എളുപ്പവഴികൂടിയാണ് ഇത്. നിരവധി തവണ പോലീസിലും എക്‌സൈസിലും വിവരമറിയിച്ചെങ്കിലും കാര്യക്ഷമമായ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
















