കോഴിക്കോട്: വിദ്യാര്‍ത്ഥികളെ സമൂഹത്തോടും സഹപാഠിയോടും സഹാനുഭൂതിയുള്ളവരാക്കി മാറ്റുന്നതിനും കുട്ടികള്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ആവിഷ്‌കരിച്ച പദ്ധതികളെക്കുറിച്ചു അവബോധമുണ്ടാക്കുന്നതിനുമായി നടപ്പാക്കുന്ന സ്‌നേഹപൂര്‍വ്വം സഹപാഠിക്ക് പദ്ധതിക്കു തുടക്കമായി. സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടന്ന സ്‌പെഷ്യല്‍ അസംബ്ലിയുടെ ഭാഗമായി കോഴിക്കോട് ഹിമായത്തുല്‍ ഇസ്‌ലാം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ റീജിയണല്‍ ഡയറക്ടര്‍ ടി.കെ.മുഹമ്മദ് യൂനുസ് സന്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ പി.കെ. അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ കെ.ഹസ്സന്‍കോയ, സ്റ്റാഫ് സെക്രട്ടറിമാരായ എ.എം. നൂറുദ്ദീന്‍, കെ.അബ്ദുല്‍ഖാദര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥിനി ഫര്‍ഹ നൗറിന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂളുകളില്‍ ജനുവരി ഒന്ന് മുതല്‍ 26 വരെ വിദ്യാര്‍ത്ഥികള്‍ സമാഹരിക്കുന്ന തുക ക്ലാസ് ടീച്ചറെ ഏല്‍പിക്കും. 26 ന് നടക്കുന്ന റിപ്പബ്ലിക് ദിന അസംബ്ലിയില്‍ ക്ലാസ് ടീച്ചറും ലീഡറും ചേര്‍ന്ന് പ്രാധാനധ്യാപകന് ൈകമാറും. പ്രാധാനധ്യപകര്‍ പ്രസ്തുത തുക ഫെബ്രുവരിയില്‍ നടക്കുന്ന സ്‌നേഹപൂര്‍വ്വം സഹപാഠിക്ക് ജില്ലാ തല സംഗമത്തില്‍ വെച്ച് സാമൂഹ്യ സുരക്ഷാ മിഷന് കൈമാറും. സംസ്ഥാനതലത്തില്‍ കൂടുതല്‍ തുക സമാഹരിക്കുന്ന സ്‌കൂളുകള്‍ക്ക് മുഖ്യമന്ത്രിയുടെ അവാര്‍ഡ് സമ്മാനിക്കും.
















