ഇരിട്ടി: കാട്ടാനക്കൂട്ടം കുത്തി മറിച്ചിട്ട റബ്ബര്‍ മരം വീണ് ആനക്കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. കേരളാ കര്‍ണ്ണാടക അതിര്‍ത്തിയ്ല്‍ മാക്കൂട്ടം വനമേഖലയോട് ചേര്‍ന്ന പോര്‍ട്ട് ലാന്റ് റബ്ബര്‍ എസ്റ്റേറ്റിലാണ് മൂന്ന് മാസം പ്രായമായ ആനക്കുട്ടിയെ റബ്ബര്‍ മരം വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി ഇവിടെ കാട്ടാനക്കൂട്ടം ഇറങ്ങി വ്യാപക കൃഷിനാശം വരുത്തിയിരുന്നു. ഇതിനിടയില്‍ കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചയോടെ കാട്ടാനകളുടെ ബഹളവും ചിന്നംവിളിയും കേട്ടതായി ഇവിടെ താമസിക്കുന്ന തൊഴിലാളികളും നാട്ടുകാരും പറഞ്ഞു. ഡിഎഫ്ഒ ഡോ. പി.ശങ്കരന്‍, എസിഎഫ് വാനതി, ഫോറസ്റ്റ് ഉദ്യോഗസ്ഥന്‍ പി.എന്‍.അരുണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം ആനക്കുട്ടിയെ മറവുചെയ്തു.
















