കോട്ടയം: ജില്ലാ യോഗ സ്‌പോര്‍ട്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജില്ലാ യോഗം ചാമ്പ്യന്‍ഷിപ്പ് 12ന് രാവിലെ 8.30 മുതല്‍ സിഎംഎസ് കോളേജില്‍ നടക്കും. 10 വിഭാഗങ്ങളിലാണ് മത്സരം. സ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി തലത്തിലുള്ള മേഖലാ മത്സരങ്ങളില്‍ വിജയിച്ചവരാണ് ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ മാറ്റുരയ്‌ക്കുക. എം. ജി.സര്‍വ്വകലാശാല ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ലൈഫ് ലോങ് ലേണിംഗ്, എം.ജി.യോഗ അലൂമിനി അസോസിയേഷന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്നുള്ള ടീമുകള്‍ മുതല്‍ വെറ്ററന്‍സ് വരെയുള്ളവരും ജില്ലാ മത്സരങ്ങളില്‍ പങ്കെടുക്കും. ഈ മത്സരങ്ങളില്‍ വിജയികളാകുന്നവര്‍ കൊല്ലത്തു നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പെങ്കെടുക്കുവാന്‍ അര്‍ഹതക നേടും. തുടര്‍ന്ന് ജനുവരിയില്‍ തമിഴ്‌നാട്ടില്‍ ദേശീയ ചാമ്പ്യന്‍ഷിപ്പും ക്വാലലംപൂരില്‍ രാജ്യാന്തര മത്സരങ്ങളും നടക്കും. ജില്ലാ ചാമ്പ്യന്‍ഷിപ്പിനോടനുബന്ധിച്ച് ഡോ.റ്റോംസ് എബ്രഹാമിന്റെ യോഗ പോസ്റ്റര്‍ പ്രദര്‍ശനം എം.ജി.സര്‍വ്വകലാശാല സെന്റര്‍ ഫോര്‍ യോഗ ആന്റ് നാച്വറോപതി ഡയറക്ടര്‍ ഡോ. സി.ആര്‍.ഹരിലക്ഷ്മിന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനം വൈകിട്ട് 4ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ്, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. സി.ആര്‍. സോന തുടങ്ങിയവര്‍ പങ്കെടുക്കും.
ജില്ലാ യോഗ സ്‌പോര്‍ട്‌സ് അസോസിയേഷന്റെ പ്രഥമ യോഗ ശ്രേഷ്ഠ പുരസ്‌കാരം ഡോ.എം.ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍ക്ക് മന്ത്രി സമര്‍പ്പിക്കും. കോട്ടയത്ത് ഇത് ആദ്യമായാണ് ഇത്രയും വിപുലമായ ക്രമീകരണങ്ങളോടെയും പങ്കാളിത്തത്തോടെയും യോഗാ ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് ജോബി.കെ.മാത്യു, സെക്രട്ടറി രാജേഷ്.പിഎസ്, എം.ജി.സര്‍വ്വകലാശാല യോഗ അലൂമിനി അസോസിയേഷന്‍ പ്രസിഡന്റ് ജി.ശ്രീകുമാര്‍ എന്നിവര്‍ അറിയിച്ചു.
















