കോട്ടയം: ശ്രീനാരായണ അന്തര്‍ദേശീയ പഠന കേന്ദ്രവും മഹാത്മാഗാന്ധി സര്‍വ്വകലാശാലയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ശ്രീനാരായണ പഠന പ്രചാരണ പരിപാടി 2015 11ന് വൈകിട്ട് 3ന് കോട്ടയം ബേക്കര്‍ കോളേജ് ഫോര്‍ വിമെന്‍ ആഡിറ്റോറിയത്തില്‍ മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്യുമെന്ന് ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം ഡയറക്ടര്‍ അഡ്വ.ടി.കെ.ശ്രീനാരായണദാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. എംജി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ.ബാബു സെബാസ്റ്റിയന്‍ മുഖ്യപ്രഭാഷണം നടത്തും. ഗുരുദര്‍ശനത്തിലെ ധാര്‍മ്മിക മൂല്യങ്ങള്‍ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് പിഎസ്‌സി ചെയര്‍മാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ സംസാരിക്കും. വിഎന്‍.വാസവന്‍ എക്‌സ് എംഎല്‍എ, അഡ്വ.എ.ആര്‍.സുരേന്ദ്രന്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല പി.ആര്‍.ഒ ജി.ശ്രീകുമാര്‍, ബേക്കര്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. എ.എസ്.ചെറിയാന്‍, ഡോ.വി.ആശാലത, ആന്‍സി ബാബു എന്നിവര്‍ സംസാരിക്കും. ശ്രീനാരായണ അന്തര്‍ദേശീയ പഠനകേന്ദ്രം തയ്യാറാക്കി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ദൈവദശകം ദിവ്യാനുഭൂതിയുടെ കാവ്യസൗന്ദര്യം എന്ന പഠന പുസ്തകം സ്‌കൂള്‍ കോളേജ് ലൈബ്രറികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യും. ഈ പദ്ധതിയുടെ ഭാഗമായി മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ മുഴുവന്‍ സ്ഥാപനങ്ങളിലേക്കുമുള്ള പഠന പുസ്തകം സര്‍വ്വകലാശാലയ്‌ക്ക് കൈമാറും. എംജി യൂണിവേഴ്‌സിറ്റി പിആര്‍ഒ ജി.ശ്രീകുമാറും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















