കൊട്ടാരക്കര: രാജ്യത്തെ പുരോഗതിയിലെത്തിക്കാനുള്ള മോദിസര്‍ക്കാരിന്റെ ശ്രമങ്ങളെ അസഹിഷ്ണുതയുടെ പേര് പറഞ്ഞ് അസ്വസ്ഥതയുണ്ടാക്കി അശക്തമാക്കി ഇല്ലാതാക്കാനാണ് ശ്രമമെന്ന് മുന്‍കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍ പറഞ്ഞു.
വെണ്ടാര്‍ ശ്രീവിദ്യാധിരാജാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകന്‍ വെണ്ടാര്‍ ജി.ബാലകൃഷ്ണപിള്ളയുടെ ഒന്നാം ചരമവാര്‍ഷികഭാഗമായി നടന്ന അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭഗവദ്ഗീത യുദ്ധവാസന പഠിപ്പിക്കുന്നതാണെന്ന് പരിഹസിച്ച സാഹിത്യനായകരാണ് നമ്മുടെ നാട്ടിലുള്ളത്. ഇവര്‍ ഇതിനപ്പുറവും വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിടും. വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ബന്ധമായും വിദ്യാര്‍ഥികള്‍ സംസ്‌കൃതം പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ കാവിവല്‍ക്കരണം എന്ന് ആക്ഷേപിച്ചതും ഇതേ ശക്തികള്‍ തന്നെയാണ്. ഇവര്‍ ഇപ്പോള്‍ അധികാരം നഷ്ടപ്പെട്ട ചിലരുടെ പിന്‍ബലത്തില്‍ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ട് സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
ബാലകൃഷ്ണപിള്ളയുടെ ഛായാചിത്രവും അദ്ദേഹം അനാച്ഛാദനം ചെയ്തു. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. കവി ഇഞ്ചക്കാട് ബാലചന്ദ്രന്‍, മാത്യു കെ.ഉമ്മന്‍, എയ്ഡഡ് സ്‌കൂള്‍ മാനേജേഴ്‌സ് അസോ.സംസ്ഥാന സെക്രട്ടറി കെ.മണി, മധു മാറനാട്, പ്രിന്‍സിപ്പല്‍ കെ.ബി.രാധാകൃഷ്ണന്‍, മാനേജ്‌മെന്റ് പ്രതിനിധി എ.ആര്‍.മീനാക്ഷിയമ്മ, തുടങ്ങിയവര്‍ സംസാരിച്ചു.
ചിത്രകലാ അധ്യാപകന്‍ സജിലാലിനെ ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥികള്‍ക്ക് എന്‍ഡോവ്‌മെന്റുകളും നല്‍കി.
ഹെഡ്മാസ്റ്റര്‍ സതീഷ്ചന്ദ്രന്‍ ഉണ്ണിത്താന്‍ ഗുരുസ്മൃതി നടത്തി.
















