കടുത്തുരുത്തി: ഞീഴൂര്‍ പഞ്ചായത്തിന്റെ സെന്‍ട്രല്‍ ജംഗ്ഷനിലുള്ള മാര്‍ക്കറ്റിന്റെ പുറത്ത് മീന്‍വെള്ളവും മീന്‍വെട്ടുന്നതിന്റെ അവശിഷ്ടവും വിതറി ചീഞ്ഞ് അഴുകി ദുര്‍ഗന്ധം വമിക്കുകയാണെന്ന് നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കി. മത്സ്യാവശിഷ്ടങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന വെള്ളക്കെട്ടില്‍ നിന്ന് ഈച്ചയും കൊതുകും പെരുകി പകര്‍ച്ചവ്യാധി പിടിപെടുന്ന അവസ്ഥയിലാണ്.
ഈ വിവരം ചൂണ്ടിക്കാണിച്ച് പലപ്രാവശ്യം പഞ്ചായത്തിന് പരാതി നല്‍കിയെങ്കിലും പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയത്. കെട്ടിക്കിടക്കുന്ന മലിനജലം റോഡിലേക്കൊഴുകി വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ യാത്രക്കാരുടെ മേല്‍ തെറിച്ചുവീഴുകയാണ്. ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പരിഹാരമായില്ലെങ്കില്‍ പ്രത്യക്ഷസമരത്തിന് ഒരുങ്ങുകയാണ് നാട്ടുകാര്‍.
















