കോട്ടയം: തിരുനക്കര തൃക്കൈക്കാട്ട് സ്വാമിയാര്‍മഠത്തിലെ ശ്രീരാമഹനുമദ് ദേവസ്ഥാനത്ത് ശ്രീശങ്കരമണ്ഡത്തില്‍ ശ്രീമന്നാരായണീയ തത്ത്വസമീക്ഷാസത്രം ജനുവരി 3 മുതല്‍ 10 വരെ നടക്കും.
3ന് രാവിലെ 6 മുതല്‍ വൈകിട്ട് 4 വരെ ഭജന്‍ ഭാരതി (അബുദാബി)യുടെ ആഭിമുഖ്യത്തില്‍ ഹനുമാന്‍ ചാലീസ 108 ഉരു ജപിക്കും. 4.30ന് മൂപ്പില്‍ വാസുദേവ ബ്രഹ്മാനന്ദതീര്‍ത്ഥസ്വാമിയാര്‍ ധ്വജാരോഹണം നടത്തുന്നതോടെ ആരംഭിക്കുന്ന സത്രം തൃശ്ശൂര്‍ തെക്കേമഠം അധിപതി വാസുദേവാനന്ദ ബ്രഹ്മാനന്ദഭൂതിസ്വാമിയാര്‍ ഉല്‍ഘാടനം ചെയ്യും. സത്രവേദിയില്‍ ഏഴു ദിവസം കൊണ്ട് യഥാവിധി പൂജകളോടെ നാരായണീയ സമ്പൂര്‍ണപാരായണവും നാരായണീയത്തിലെ തത്ത്വസംഹിതകളെക്കുറിച്ച് നാല്‍പ്പതോളം പണ്ഡിതന്മാര്‍ പ്രഭാഷണവും നടത്തും. എല്ലാദിവസവും നാരായണീയ പാരായണം, ഭാഗവതപാരായണം, പ്രഭാഷണങ്ങള്‍, നാമസങ്കീര്‍ത്തനം, നൃത്തസംഗീതസന്ധ്യ തുടങ്ങിയവ നടത്തും. സമാപനദിവസം അശ്വതി തിരുനാള്‍ റാണി ഗൗരി ലക്ഷ്മീഭായി തമ്പുരാട്ടി ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. കലാവേദിയില്‍ ഡോ.ജ്യോത്സ്‌നയുടെ കുച്ചിപ്പുടി, അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദി, ശിവരഞ്ജിനി സ്‌കൂള്‍ ഓഫ് മ്യൂസിക്കിന്റെ ഭജന്‍സന്ധ്യ, ഗുരുനാരായണ സേവാനികേതന്‍ അവതരിപ്പിക്കുന്ന ഗുരുനാരായണ ഭജനാമൃതം എന്നിവയും ഉണ്ടായിരിക്കും. നാരായണീയപാരായണത്തിന് പങ്കെടുക്കാന്‍ താല്പര്യമുള്ള നാരായണീയസമിതികള്‍ സ്വാമിയാര്‍മഠവുമായി ബന്ധപ്പെടേണ്ടതാണെന്ന് സംഘാടകര്‍ അറിയിച്ചു. ഫോണ്‍: 9446201005.
















