മറയൂര്‍: മറയൂരില്‍ കരിമ്പുകള്‍ക്ക് അഞ്ജാത രോഗം പടരുന്നു. കരിമ്പിന്റെ ഇലകള്‍ക്ക് മഞ്ഞപ്പ് ബാധിക്കുന്നതിനോടൊപ്പം വളര്‍ച്ചമുരടിക്കുകയാണ്. ഏക്കറുകണക്കിന് പാടത്തെ കരിമ്പിന്‍ കൃഷിയാണ് ഇങ്ങനെ നശിക്കുന്നത്. ബാങ്കില്‍ നിന്ന് വായ്‌പയെടുത്ത് കൃഷി നടത്തിയ കര്‍ഷകര്‍ക്ക് ഇത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. ഇലകളില്‍ മഞ്ഞപ്പ് ബാധിച്ച് സാവധാനം കരിമ്പിന്‍ ചെടി കരിയുകയാണ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് കൃഷിവകുപ്പിന് വിവരം അറിയിച്ചെങ്കിലും നാളിതുവരെയായും ഇവരാരും ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും കര്‍ഷകര്‍ പറയുന്നു. വായ്‌പയെടുത്ത തങ്ങള്‍ ആത്മഹത്യയുടെ വക്കിലാണെന്നും സര്‍ക്കാരിന്‍ നിന്ന് ധന സഹായം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും മറയൂരിലെ കരിമ്പ് കര്‍ഷകര്‍ പറയുന്നു. മഴ കനത്തതോടെ പാടത്ത് വെള്ളം കെട്ടിനില്‍ക്കുന്നതാണ് കരിമ്പ് നശിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. മേഖലയില്‍ മഴയില്ലാത്ത സമയങ്ങളില്‍ കനത്ത മൂടല്‍മഞ്ഞും അനുഭവപ്പെടുന്നുണ്ട്. വിലകുറവും ഉത്പാദനത്തിലെ ചിലവ് കൂടുതലും മറയൂരിലെ കരിമ്പ് കര്‍ഷകര്‍ക്ക് എന്നും ദുരിതം മാത്രമാണ് സമ്മാനിച്ചിട്ടുള്ളുത്. കരിമ്പ് കൃഷിവിട്ട് മിക്കവരും ഇതര കൃഷിയിലേക്ക് മാറിയെങ്കിലും നിരവധിപേര്‍ ഇന്നും ഇതിനെ ആശ്രയിച്ച് ഇവിടെ കഴിയുന്നുണ്ട്.
















