പാലാ: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ ജീവപര്യന്തം തടവിനും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷിച്ചുകൊണ്ട് പാലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.എ. ബേബി വിധി പ്രസ്താവിച്ചു. വയല കമ്പിയില്‍ ജമീഷിനെ (29)തിരെയാണ് കോടതിവിധി.
ഭാര്യ ജിഷയ്‌ക്ക് പരപുരുഷബന്ധമാരോപിച്ചുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2014 മാര്‍ച്ച് 7നാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ സമയം പ്രതിയുടെ മാതാവ് ജഗദമ്മയും ജിഷയും 4 വയസുള്ള മകന്‍ ജിത്തുവും വീട്ടിലുണ്ടായിരുന്നു. പ്രേരണാകുറ്റം ആരോപിച്ച് ജഗദമ്മയെ രണ്ടാം പ്രതിയാക്കി പോലീസ് കേസെടുത്തിരുന്നെങ്കിലും തെളിവിന്റെ അഭാവത്തില്‍ വെറുതെ വിട്ടു. സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന മകന്‍ ജിത്തുവിന്റെ മൊഴി കോടതി പരിഗണിച്ചു.
രാമപുരം സി.ഐ. ആയിരുന്ന എമ്മാനുവല്‍ പോള്‍ ആണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി.കെ. ലാല്‍ പുളിക്കക്കണ്ടവും രണ്ടാം പ്രതിക്കുവേണ്ടി അഡ്വ. എം.കെ. ഗോപാലകൃഷ്ണന്‍ നായരും കോടതിയില്‍ ഹാജരായി.
















