കൊച്ചി: ക്ഷേത്ര ശ്രീകോവില്‍ കുത്തിപ്പൊളിച്ച് ഭണ്ഡാരങ്ങള്‍ തകര്‍ത്ത് ശ്രീകോവിലിന് മുന്നില്‍ കുരിശ് വരച്ച് പ്രദേശത്ത് സംഘര്‍ഷത്തിന് ആസൂത്രിത നീക്കം. കല്ലൂര്‍ക്കാട് പെരിമാകണ്ടം വെണ്ണുള്ളിക്കാവ് കുടുംബക്ഷേത്രത്തിലാണ് സംഭവം. നൂറ് ഏക്കര്‍ സ്ഥലത്തിന് നടുവിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ താഴ് അറുത്ത് മാറ്റുകയും ഭണ്ഡാരങ്ങള്‍ എല്ലാം കുത്തിപ്പൊളിക്കുകയും ചെയ്തു. തിടപ്പള്ളിയുടെ താഴും അറുത്തെടുത്തു. കൂടാതെ ശ്രീകോവിലിന് മുന്നില്‍ കമ്പിപ്പാരക്ക് കുരിശ് വരക്കുകയും അറുത്തെടുത്ത താഴുകള്‍ കുരിശിന്റെ ഓരോ അറ്റത്തും നടുവിലായും വക്കുകയും ചെയ്തു. ഇതിനുമുമ്പും ഈ ക്ഷേത്രത്തിനെതിരെ ആക്രമണം നടന്നിട്ടുണ്ട്. തീരെ ജനവാസം കുറഞ്ഞ പ്രദേശത്താണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. തൊടുപുഴ പോലീസിന്റെയും കല്ലൂര്‍ക്കാട് പോലീസിന്റെയും അതിര്‍ത്തിയിലാണ് ക്ഷേത്രം.
ക്ഷേത്രത്തിനെതിരെ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമത്തില്‍ ക്ഷേത്രവിശ്വാസികള്‍ ആശങ്കയിലാണ്. മതസ്പര്‍ധ വളര്‍ത്തി പ്രദേശത്ത് സംഘര്‍ഷം ഉണ്ടാക്കുവാനുള്ള കുല്‍സിതനീക്കമാണ് സംഭവത്തിന് പിന്നിലെന്ന് പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിലെ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് കല്ലൂര്‍ക്കാട് എസ്‌ഐ ഷാരോണ്‍ പറഞ്ഞു.
















