ബുഡാപെസ്റ്റ്: ബുക്കാറസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക് സ്റ്റഡീസ്, രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു. റൊമാനിയയിലെ ബുക്കാറസ്റ്റില്‍ നടന്ന ചടങ്ങിലാണ് പുരസ്‌കാരം നല്‍കിയത്. അക്കാദമിക്, പൊതുസേവനം, അന്താരാഷ്‌ട്ര സഹകരണം എന്നിവയിലെ മികച്ച സംഭാവനകള്‍ക്ക് വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്ന സര്‍വകലാശാലയുടെ ഏറ്റവും ഉയര്‍ന്ന അക്കാദമിക് ബഹുമതിയാണ് ഡോക്ടര്‍ ഓണറിസ് കോസ.
ബുക്കാറസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക്സ് സ്റ്റഡീസിന്റെ റെക്ടര്‍, സെനറ്റ്, സര്‍വ്വകലാശാലാ സമൂഹം എന്നിവര്‍ക്ക് ഈ അംഗീകാരം നല്‍കിയതിന് രാഷ്‌ട്രപതി നന്ദി അറിയിച്ചു. ഭാരതത്തിലെയും റൊമാനിയയിലെയും ജനങ്ങള്‍ തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിന്റെ പ്രതിഫലനമായാണ് താന്‍ ഈ ബഹുമതിയെ സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ മാറ്റമുണ്ടാക്കിയ ശക്തി വിദ്യാഭ്യാസമാണെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഒരു അദ്ധ്യാപികയായി പ്രവര്‍ത്തിക്കാന്‍ തനിക്ക് ഭാഗ്യമുണ്ടായെന്നും, എത്ര ചെറിയ ഒരു ക്ലാസ് മുറിക്കും ഒരു കുടുംബത്തിന്റെ ഭാവിയെയും കാലക്രമേണ ഒരു മുഴുവന്‍ സമൂഹത്തിന്റെ ഭാവിയെയും മാറ്റാന്‍ എങ്ങനെ കഴിയുമെന്ന് നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. വിദ്യാഭ്യാസം വ്യക്തിഗത പുരോഗതിക്കുള്ള മാര്‍ഗം മാത്രമല്ല, നീതിയുക്തവും സമഗ്രവുമായ ഒരു സമൂഹത്തിന്റെ അടിത്തറയാണെന്നും അവര്‍ എടുത്തുപറഞ്ഞു.
ഇക്കണോമിക്‌സ്, ബിസിനസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നീ മേഖലകളിലെ ഉന്നത വിദ്യാഭ്യാസത്തിനായുള്ള റൊമാനിയയിലെ ഏറ്റവും പ്രമുഖമായ സ്ഥാപനമാണ് ബുക്കാറസ്റ്റ് യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക് സ്റ്റഡീസ്.
















