ടെക്‌സാസ്: ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റായ സ്പേസ് എക്സിന്റെ സൂപ്പര്‍ ഹെവി-സ്റ്റാര്‍ഷിപ്പ് പതിമൂന്നാം പരീക്ഷണ വിക്ഷേപണം വിജയകരം. യുഎസിലെ ടെക്സാസിലുള്ള സ്റ്റാര്‍ബേസില്‍ നിന്ന്, ഭാരത സമയം ഇന്നലെ പുലര്‍ച്ചെ 4.21നാണ് 33 റാപ്റ്റര്‍ എന്‍ജിനുകളുള്ള ഈ റോക്കറ്റ് വിക്ഷേപിച്ചത്.
രണ്ട് ഭാഗങ്ങളുള്ള ഈ റോക്കറ്റിന്റെ മുകള്‍ ഭാഗമായ സ്റ്റാര്‍ഷിപ്പ് പേടകം വിജയകരമായി ബഹിരാകാശത്ത് എത്തുകയും, ദൗത്യം പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍
മഹാസമുദ്രത്തില്‍ (ആസ്‌ട്രേലിയയ്‌ക്ക് വടക്ക് പടിഞ്ഞാറായി) സുരക്ഷിതമായി പതിക്കുകയും ചെയ്തു. പറക്കലിനിടെ 20 സ്റ്റാര്‍ലിങ്ക് വേര്‍ഷന്‍-3 ഉപഗ്രഹങ്ങളെ വിജയകരമായി വിന്യസിക്കാനും സ്റ്റാര്‍ഷിപ്പിന് സാധിച്ചു. ഇതില്‍ ആറ് ഉപഗ്രഹങ്ങളില്‍ സ്റ്റാര്‍ഷിപ്പിന്റെ ഹീറ്റ് ഷീല്‍ഡുകള്‍ നിരീക്ഷിക്കാനുള്ള പ്രത്യേക ക്യാമറകള്‍ ഘടിപ്പിച്ചിരുന്നു. ഭാവിയിലെ വാണിജ്യ ദൗത്യങ്ങള്‍ക്ക് ആവശ്യമായ വിവിധ സാങ്കേതിക സംവിധാനങ്ങളും ഈ യാത്രയില്‍ സ്പേസ് എക്സ് പരീക്ഷിച്ചു.
അതേസമയം, റോക്കറ്റിന്റെ ഒന്നാം ഘട്ടമായ ‘സൂപ്പര്‍ ഹെവി’ ബൂസ്റ്റര്‍ മെക്സിക്കന്‍ ഉള്‍ക്കടലില്‍ തിരിച്ചിറക്കുന്നതില്‍ ചെറിയ തിരിച്ചടി നേരിട്ടു. സുരക്ഷാ മുന്‍കരുതലെന്ന നിലയിലാണ് ബൂസ്റ്റര്‍ കടലില്‍ ഇറക്കാന്‍ സ്‌പേസ് എക്‌സ് തീരുമാനിച്ചത്. താഴേക്ക് പതിക്കുന്നതിനിടെ 13 എന്‍ജിനുകള്‍ വീണ്ടും പ്രവര്‍ത്തിക്കേണ്ടിയിരുന്നെങ്കിലും 10 എണ്ണം മാത്രമാണ് ഓണ്‍ ആയത്. കടലില്‍ പതിക്കുന്ന സമയത്ത് അഞ്ച് എണ്ണം മാത്രമേ പ്രവര്‍ത്തിച്ചിരുന്നുള്ളൂ എന്നതിനാല്‍ പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ബൂസ്റ്റര്‍ കടലില്‍ പതിച്ചത്.
എന്നിരുന്നാലും അടിസ്ഥാനപരമായി ലക്ഷ്യമിട്ട മിക്ക കാര്യങ്ങളും പൂര്‍ത്തിയാക്കിയതിനാല്‍ ഈ പരീക്ഷണ വിക്ഷേപണം വിജയമായാണ് ശാസ്ത്രലോകം വിലയിരുത്തുന്നത്. നാസയുടെ വരുംകാല ദൗത്യങ്ങള്‍ക്കായി ഈ ഭീമന്‍ റോക്കറ്റിനെയാണ് പ്രധാനമായും ആശ്രയിക്കുന്നത്.
















