മസ്‌ക്കറ്റ്: യൂത്ത് ഹോക്കി 5എസ് ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഭാരത സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ തങ്ങളുടെ ചിരവൈരികളായ പാകിസ്ഥാനെ 7-3 നും ആതിഥേയരായ ഒമാനെ 10-1 നും പരാജയപ്പെടുത്തി വിജയിച്ചു. ഏഷ്യന്‍ യൂത്ത് ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ പരമ്പരാഗത വൈരികളായ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ആവേശകരമായ മത്സരത്തില്‍ മികച്ച പോരാട്ടവീര്യം പുറത്തെടുത്താണ് ഭാരത യുവനിര വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ തുടക്കം മുതല്‍ തന്നെ മികച്ച ആധിപത്യം പുലര്‍ത്താന്‍ ഭാരതത്തിനായി. വേഗമേറിയ മുന്നേറ്റങ്ങളിലൂടെയും ശക്തമായ പ്രതിരോധത്തിലൂടെയും പാകിസ്ഥാന്റെ ആക്രമണങ്ങളുടെ മൂര്‍ച്ച കുറക്കാന്‍ ഭാരത നിരയ്‌ക്ക് സാധിച്ചു. കൃത്യമായ പ്ലാനിങ്ങും മികച്ച ടീം വര്‍ക്കുമാണ് ഭാരതത്തെ വിജയത്തിലേക്ക് നയിച്ചത്. കളിയുടെ നിര്‍ണായക നിമിഷങ്ങളില്‍ ഭാരതതാരങ്ങള്‍ എടുത്ത തന്ത്രപരമായ തീരുമാനങ്ങളും മികച്ച ഗോളുകളും ടീമിന്റെ ആത്മവിശ്വാസം ഉയര്‍ത്തി. ജയത്തോടെ ഏഷ്യന്‍ യൂത്ത് ഹോക്കി 5 ടൂര്‍ണമെന്റില്‍ ഭാരതം തങ്ങളുടെ കിരീടസാധ്യതകളും ആധിപത്യവും കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്.
റോമിത് പാല്‍, കരണ്‍ ഗൗതം, ക്യാപ്റ്റന്‍ കേതന്‍ കുശ്വാഹ എന്നിവരുടെ ഗോളുകളുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ആണ്‍കുട്ടികള്‍ പാകിസ്ഥാനെതിരെ തുടക്കത്തില്‍ തന്നെ നിയന്ത്രണം നേടി, പകുതി സമയത്ത് 30 ന് മുന്നിലായിരുന്നു. രണ്ടാം പകുതിയിലും അവര്‍ ആധിപത്യം നിലനിര്‍ത്തി, പ്രഹ്ലാദ് രാജ്ഭര്‍ ലീഡ് 4-0 ആയി ഉയര്‍ത്തി.











