സാന്റിയാഗോ: ലോകകപ്പ് ഫുട്‌ബോള്‍ 2026ലൂടെ ലോക ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയം കവര്‍ന്ന കേപ്പ് വെര്‍ദെ ഗോള്‍ കീപ്പര്‍ വൊസീഞ്ഞ ചിലി ക്ലബ്ബ് കോളോ കോളയില്‍. ലോകകപ്പിന്റെ ചാമ്പ്യന്‍ ടീമായ സ്‌പെയിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലും നോക്കൗട്ടില്‍ നിലവിലെ ചാമ്പ്യന്‍മാരായിരുന്ന അര്‍ജന്റീനയ്‌ക്കെതിരെയും ഗോള്‍ വലയ്‌ക്ക് മുന്നില്‍ വൊസീഞ്ഞ കാഴ്‌ച്ചവച്ച പ്രകടനത്തിന്റെ ബലത്തിലാണ് കേപ്പ് വെര്‍ദെ പൊരുതി നിന്നത്.
ടൂര്‍ണമെന്റ് ഫേവറിറ്റുകളായി ആദ്യ മത്സരത്തിനിറങ്ങിയ സ്‌പെയിന് തുടക്കത്തിലേ കേപ്പ് വെര്‍ദെ നല്‍കിയ 0-0 ഷോക്കില്‍ നിന്നാണ് ഉണര്‍ന്നെഴുന്നേറ്റത്. നോക്കൗട്ടില്‍ അര്‍ജന്റീനയ്‌ക്കെതിരെ സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഫ്രീക്കിക്ക് അടക്കം പത്തോളം സേവുകളാണ് വൊസീഞ്ഞ നടത്തിയത്.
ചിലിയന്‍ കമ്പനി ബ്ലാന്‍കോ വൈ നെഗ്രോയുടെ ഉടമസ്ഥതയിലുള്ള ക്ലബ്ബ് ആണ് കോളോ കോളോ. ക്ലബ്ബ് പ്രസിഡന്റ് അനിബല്‍ മോസ ആണ് വൊസീഞ്ഞയുടെ വരവ് സംബന്ധിച്ച വിവരം വെളിപ്പെടുത്തിയത്.












