പള്ളുരുത്തി: അനുമതിയില്ലാതെ മൊബൈല്‍ ടവര്‍ നിര്‍മ്മാണത്തിന് എത്തിയവര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തി. പള്ളുരുത്തി എസ്പി പുരം കോളനിക്ക് സമീപമാണ് റിലയന്‍സിന്റെ താല്ക്കാലിക ടവര്‍ നിര്‍മ്മിക്കാന്‍ കമ്പനി അധികൃതര്‍ ജീവനക്കാര്‍ക്ക് ഒപ്പമെത്തിയത്. വലിയ ലോറിയില്‍ കൊണ്ടുവന്ന ടവര്‍ ഹൈഡ്രോളിക് സംവിധാനം ഉപയോഗിച്ച് സ്ഥാപിക്കുകയായിരുന്നു.ഇതിനിടയില്‍ പ്രതിഷേധവുമായി നാട്ടുകാരും സ്ഥലത്ത് എത്തി. നാട്ടുകാരില്‍ ഒരാള്‍ ടവറിനു മുകളിലേക്ക് ഓടിക്കയറുകയായിരുന്നു. പള്ളുരുത്തി കടേ ഭാഗം വട്ടേക്കാട്ട് നികര്‍ത്തില്‍ അനില്‍ കുമാര്‍ (42) ആണ് ടവറിനു മുകളിലേക്ക് കയറിയത്. വ്യാഴാഴ്ച രാവിലെ പതിനൊന്നോടെയാണ് സംഭവം ഇതേത്തുടര്‍ന്ന് വിവിധ രാഷ്‌ട്രീയ കക്ഷികളും, ടവറിന് ചുറ്റും പ്രതിഷേധവുമായി നിന്നു. ബിജെപി പള്ളുരുത്തി ഏരിയാ കമ്മറ്റിയുടെ നേതൃത്വത്തിലെത്തിയ പ്രവര്‍ത്തകര്‍ അനില്‍ കുമാറിന്റെ ജീവന്‍ രക്ഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസും മട്ടാഞ്ചേരിയില്‍ നിന്ന് ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി അനില്‍കുമാറിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും നടന്നില്ല. ലീഡിങ്ങ് ഫയര്‍മാന്‍ ബിജു സുരേഷ് ജോര്‍ജ്ജ്, കെ.ടി സുനു എന്നിവര്‍ 45 അടി ഉയരമുള്ള ടവറിനു മുകളിലെത്തി അനില്‍കുമാറിനെ ഉച്ചക്കുരണ്ടു മണിയോടെ താഴെയിറക്കുകയായിരുന്നു. പള്ളുരുത്തി എസ് ഐ യുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സന്നാഹവും എത്തിയിരുന്നു.
















